Site icon Malayalam News Live

ഒന്നര മാസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് വിരാമമിട്ട് ആവേശകരമായ കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളില്‍ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകള്‍….

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഒന്നര മാസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് വിരാമമിട്ട് ആവേശകരമായ കൊട്ടിക്കലാശം.

സംസ്ഥാനത്തെ ആവേശക്കടലാക്കി മുന്നണികളുടെ നേതൃത്വത്തില്‍ ശക്തിപ്രകടനമായാണ് പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചത്. ഇനിയുള്ള 48 മണിക്കൂർ നിശബ്ദമായി മുന്നണികള്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും. വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക.
പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശമായി മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാർട്ടികളുടെ പ്രകടനങ്ങളും റോഡ്ഷോകളും അരങ്ങേറി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ പുതുചരിത്രമെഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. മുഴുവൻ സീറ്റിലും ജയമെന്ന് അവസാനനിമിഷവും യുഡിഎഫ് ആത്മവിശ്വാസം പുലർത്തുന്നു.

പ്രധാനമന്ത്രി പറഞ്ഞപോലെ രണ്ടക്ക സീറ്റ് നേടുമെന്നാണ് ബിജെപിയുടെ വാദം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുടെ റോഡ് ഷോകളോടെയാണ് കൊട്ടിക്കലാശത്തിന് സമാപനമായത്. ദേശീയ നേതാക്കളടക്കം നിറഞ്ഞുനിന്ന പരസ്യ പ്രചാരണത്തിന് അതേ ആവേശത്തോടെയായിരുന്നു സമാപന ചടങ്ങും. ഓരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളും അവരുടെ അണികളും ഒരേ സ്ഥലത്ത് സംഗമിച്ചുകൊണ്ടുള്ള കൊട്ടികലാശത്തില്‍ മുന്നണികളുടെ ശക്തിപ്രകടനം കൂടിയായി മാറി.

ചെണ്ടമേളവും ബാൻഡ് മേളവും ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് പലയിടത്തും കൊട്ടിക്കലാശം. കൊട്ടും പാട്ടുമൊക്കെയായി കൊട്ടിക്കലാശം അതിന്റെ അവസാനലാപ്പിലെത്തുമ്പോള്‍ സ്ഥാനാർത്ഥികളുടെയും പ്രവർത്തകരുടെയും ആവേശവും വാനോളമാണ്.

തലസ്ഥാനമായ തിരുവനന്തപുരത്തും കൊട്ടിക്കലാശം പൊടിപൊടിക്കുകയാണ്. സ്ഥാനാർത്ഥികളുടെ കൂറ്റൻ ഫ്‌ളക്‌സുകള്‍ ക്രെയിനുകളില്‍ ഉയർത്തിയും മറ്റുമാണ് പ്രവർത്തകർ കൊട്ടിക്കലാശത്തെ വർണാഭമാക്കുന്നത്. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളും പ്രവർത്തകരും ഒരു മണ്ഡലത്തിലെ ഒരെ സ്ഥലത്ത് സംഗമിച്ചുകൊണ്ടുള്ള കൊട്ടിക്കലാശം തെരഞ്ഞെടുപ്പുകളിലെ കേരളത്തിലെ മാത്രം പ്രത്യേകതകളിലൊന്നാണ്.

Exit mobile version