Site icon Malayalam News Live

വിവിധ സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് പരിശോധന; ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച 18 കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍, മൂന്നു ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത് 203 കേസുകൾ

മലപ്പുറം: സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ 18 കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കിയതിന് രക്ഷിതാക്കള്‍ അടക്കമുള്ള ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഒരു വര്‍ഷത്തേക്ക് വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ സാധ്യതയുണ്ട്. ഇവിടെയും തീര്‍ന്നില്ല 25 വയസുവരെ കുട്ടി ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നത് തടയണമെന്നും ചൂണ്ടിക്കാട്ടി മോട്ടര്‍ വാഹന വകുപ്പിന് ശുപാര്‍ശ സമര്‍പ്പിച്ചതായി ജില്ലാ പോലീസ് മേധാവി എസ് ശശിധരന്‍ വ്യക്തമാക്കി.

ജില്ലയിലെ വിവിധ സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് 6 മുതല്‍ 8 വരെയാണ് പരിശോധന നടത്തിയത്. മൂന്നു ദിവസം കൊണ്ട് 203 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ ഇരുചക്രവാഹനമോടിച്ച 18 വയസ്സിനു താഴെയുള്ള 18 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

നിയമലംഘനം നടത്തിയതിനു 243 വാഹനങ്ങളും പിടിച്ചെടുത്തു. ഹെല്‍മറ്റ് ഇല്ലാതെ ബൈക്കോടിച്ചതിന് 2046 പേര്‍ക്കെതിരെയും 3 പേര്‍ ബൈക്കില്‍ യാത്ര ചെയ്തതിന് 259 പേര്‍ക്കെതിരെയും നടപടിയെടുത്തു. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഉടമയ്‌ക്കെതിരെ കേസെടുക്കും. വാഹനം ഓടിച്ച കുട്ടികളുടെ സാമൂഹികാവസ്ഥാ റിപ്പോര്‍ട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് സമര്‍പ്പിച്ചതായി പോലീസ് അറിയിച്ചു.

Exit mobile version