പോലീസിനു നേരെ പരസ്യ ഭീഷണിയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കോട്ടയം: പോലീസിനു നേരെ പരസ്യ ഭീഷണിയുമായി എല്‍ഡിഎഫ് സ്ഥാനാർത്ഥി. പൂഞ്ഞാർ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തിങ്കല്‍ കാഞ്ഞിരപ്പള്ളി എസ്‌ഐയെ നടുറോഡില്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ജനം ടിവിക്ക് ലഭിച്ചു.

എടോ ഡിജിപിക്ക് മുകളിലാണ് തന്റെ റാങ്കെന്നും ഇലക്ഷൻ ഇന്ന് അങ്ങ് തീരുമെന്നായിരുന്നു ഭീഷണി.

 

കാഞ്ഞിരപ്പള്ളി എസ്‌ഐ ഗോകുല്‍ ഗോപനാണ് കൂവപ്പള്ളിയില്‍ വെച്ച്‌ കൃത്യനിർവ്വണത്തിനിടയില്‍ ഭീഷണി നേരിട്ടത്. പോളിംഗ് സ്റ്റേഷൻ പരിസരത്തെ ഫ്ലക്സ് ബോർഡുകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതാണ് സെബാസ്റ്റ്യൻ കുളത്തിങ്കലിനെ ചൊടിപ്പിച്ചത്.

 

പോലീസ് നിർദ്ദേശപ്രകാരം എൻഡിഎ- യുഡിഎഫ് പ്രവർത്തകർ ബോർഡുകള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഫ്ലക്സ് ബോർഡുകള്‍ നീക്കം ചെയ്യാൻ എല്‍ഡിഎഫ് പ്രവർത്തകർ തയ്യാറായില്ല. തുടർന്നായിരുന്നു നിലവിലെ സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ ഭീഷണി.