Site icon Malayalam News Live

‘ലക്ഷദ്വീപിലെ വിദ്യാര്‍ഥികള്‍ സിബിഎസ്‌ഇ മാത്രം പഠിക്കണമെന്ന ഉത്തരവ്’; തീരുമാനം പുനഃപരിശോധിക്കണമെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: ലക്ഷദ്വീപിലെ കുട്ടികളുടെ വിദ്യാഭ്യാസ വൈവിധ്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിന് ഇടപെടണം എന്നാവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തയച്ച്‌ മന്ത്രി വി ശിവന്‍കുട്ടി.

ഇനി മുതല്‍, ലക്ഷദ്വീപിലെ കുട്ടികള്‍ സിബിഎസ്‌ഇ സിലബസ് മാത്രം പഠിക്കണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ ആശങ്ക അറിയിച്ചാണ് മന്ത്രി ശിവന്‍കുട്ടിയുടെ കത്ത്.
”നിര്‍ദേശം കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ നേരിട്ടുള്ള ലംഘനമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകേണ്ട വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ തിരഞ്ഞെടുപ്പുകളെ ഇത് അപകടത്തിലാക്കുന്നതിനാല്‍ ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നു. നിലവില്‍, ലക്ഷദ്വീപില്‍ 34 സ്‌കൂളുകളുണ്ട്. ആകെ 12,140 വിദ്യാര്‍ത്ഥികളുണ്ട്.

കേരള സിലബസ് -മലയാളം, ഇംഗ്ലീഷ് മീഡിയം, സിബിഎസ്‌ഇ സിലബസ് എന്നിവയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ തെരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യമായിരുന്നു. ദ്വീപിലെ ഭൂരിഭാഗം കുട്ടികളും കേരള സിലബസ് അനുസരിച്ചാണ് സ്‌കൂളുകളില്‍ പഠിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍, പ്രത്യേകിച്ച്‌ പ്രൈമറി തലത്തില്‍, അവരുടെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം പരിഗണിക്കണമെന്ന അടിസ്ഥാന തത്വത്തെ ഈ നിര്‍ദ്ദേശം അവഗണിക്കുന്നു എന്നത് നിരാശാജനകമാണ്.”

ഒരൊറ്റ പാഠ്യപദ്ധതി അടിച്ചേല്‍പ്പിക്കുക വഴി, ലക്ഷദ്വീപ് ഭരണകൂടം വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക പശ്ചാത്തലവുമായി പൊരുത്തപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സത്തയെ അവഗണിക്കുകയാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

Exit mobile version