Site icon Malayalam News Live

വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് യുവാക്കളുടെ മര്‍ദ്ദനം; വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റ ജയ ആശുപത്രിയില്‍; മനപൂർവ്വം ചെയ്യിച്ചതെന്ന് ബന്ധുക്കൾ

കൊച്ചി: എറണാകുളം വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ യുവാക്കള്‍ ക്രൂരമായി മർദിച്ചു.

പതിനഞ്ച് വര്‍ഷമായി ആലുവയില്‍ ഓട്ടോ ഓടിക്കുന്ന ജയ എന്ന സ്ത്രീക്കാണ് ഇന്നലെ രാത്രി ദുരനുഭവം ഉണ്ടായത്. യുവാക്കളുടെ മർദ്ദനത്തില്‍ വനിതാ ഡ്രൈവറുടെ വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച മൂന്ന് യുവാക്കളാണ് ജയയെ മര്‍ദിച്ചത്. ഒരാളെത്തി ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞാണ് ജയയുടെ ഓട്ടോ വിളിച്ചത്. ഓട്ടോ കുറച്ചുദുരം മുന്നോട്ടുപോയപ്പോള്‍ രണ്ടുപേര്‍ കൂടി ഓട്ടോയില്‍ കയറുകയായിരുന്നു.
ആശുപത്രിയിലെത്തിയ ശേഷം അവിടെ പണം വാങ്ങി നല്‍കാനുണ്ടെന്ന് പറഞ്ഞ് വീണ്ടും ഓട്ടോ ബിച്ചിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച്‌ യുവാക്കള്‍ മര്‍ദിക്കുകയുമായിരുന്നു.

ക്രൂരമായ മര്‍ദനത്തില്‍ ജയയുടെ വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിക്ക് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടെന്ന് സഹോദരി പറഞ്ഞു.

മനഃപൂര്‍വം ആരോ ചെയ്യിച്ചതാണെന്നാണ് സഹോദരി പറയുന്നത്. ജയയുടെ നിലവിളി കേട്ട് സ്ഥലത്ത് എത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

Exit mobile version