കുവൈത്ത് സിറ്റി: സുഡാൻ തലസ്ഥാനമായ കാർട്ടൂമിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശുഭകരമായ വാർത്തകള്‍ പുറത്തുവരുന്നു.
36 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കാർട്ടൂം വിമാനത്താവളത്തില്‍ ആദ്യമായി ഒരു വിദേശ വിമാനക്കമ്പനിയുടെ വിമാനം ലാൻഡ് ചെയ്തു. കുവൈത്ത് എയർവേയ്സിന്റെ വിമാനമാണ് സുഡാനിലെ സുരക്ഷാ വെല്ലുവിളികള്‍ക്ക് ശേഷം ഈ ചരിത്രപരമായ നേട്ടം കൈവരിച്ചത്. 1990-ന് ശേഷം 36 വർഷത്തെ ഇടവേള കഴിഞ്ഞാണ് കുവൈത്ത് എയർവേയ്സ് കാർട്ടൂമിലേക്ക് സർവീസ് നടത്തുന്നത്.
കുവൈത്തില്‍ നിന്നുള്ള മുന്നൂറോളം സുഡാൻ പൗരന്മാരുമായാണ് ഈ വിമാനം എത്തിയത്. ‘നീലപ്പക്ഷി നീലനൈലിനെ പുണരാൻ തിരിച്ചെത്തിയിരിക്കുന്നു’ എന്നാണ് കുവൈത്ത് എയർവേയ്സിനെ പ്രതീകാത്മകമായി സൂചിപ്പിച്ചുകൊണ്ട് സുഡാൻ സ്ഥാനപതി അവദ് അല്‍ കരീം അല്‍ റീഹ് ബല്ല ഈ സംഭവത്തെ വിശേഷിപ്പിച്ചത്. കാർട്ടൂം ഇപ്പോള്‍ സുരക്ഷിതമാണെന്നും അന്താരാഷ്ട്ര വിമാനങ്ങളെ സ്വീകരിക്കാൻ സജ്ജമാണെന്നുമുള്ള ശക്തമായ സന്ദേശമാണ് ഈ സർവീസിലൂടെ ലോകത്തിന് ലഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബോയിംഗ് 777 പോലെയുള്ള കൂറ്റൻ യാത്രാവിമാനം വിജയകരമായി ഇറക്കാൻ സാധിച്ചത് വിമാനത്താവളത്തിന്റെ പ്രവർത്തനക്ഷമതയ്ക്കുള്ള തെളിവായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. സുഡാന്റെ വ്യോമപാത വിദേശ വിമാനക്കമ്പനികള്‍ക്കായി വീണ്ടും തുറന്നുകൊടുക്കുന്നതിന്റെ തുടക്കമാണിത്. പ്രതിസന്ധി ഘട്ടങ്ങളില്‍ സുഡാന് മാനുഷികവും വികസനപരവുമായ പിന്തുണ നല്കുന്ന കുവൈത്ത് ഭരണകൂടത്തിന് സുഡാൻ ജനത നന്ദി രേഖപ്പെടുത്തി. ഇതോടെ കാർട്ടൂമിലെ സാധാരണ ജീവിതം തിരിച്ചുവരുന്നതിന്റെയും ആഗോളതലത്തില്‍ രാജ്യം വീണ്ടും ബന്ധിക്കപ്പെടുന്നതിന്റെയും സുപ്രധാന ചുവടുവെപ്പായി ഈ യാത്ര മാറി.
