Site icon Malayalam News Live

കുട്ടികളെ കാണാതാകുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്യുന്ന സംഭവങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി മോട്ടോര്‍വാഹനവകുപ്പ്.

 

ഏറ്റവും വിലപ്പെട്ട നിധിയാണ് നമ്മുടെ കുഞ്ഞുങ്ങളെന്നും അവരെ തികഞ്ഞ ശ്രദ്ധയോടെ തന്നെയാണ് നാമെല്ലാവരും വളര്‍ത്തുന്നതെന്നും പറയുന്ന എംവിഡി ഈ കണ്ണിലുണ്ണികളെ നമ്മില്‍ നിന്നും അടര്‍ത്തിയെടുക്കാൻ തക്കം പാര്‍ത്തിരിക്കുന്ന ചില ദുഷ്‍ടശക്തികളെങ്കിലും നമുക്ക് ചുറ്റുമുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളെ റോഡുകളില്‍ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പറഞ്ഞു.

ചുറ്റുപാടുകളെ നിരീക്ഷിക്കാനും മറ്റുള്ളവരെയും അവനവനെത്തന്നെയും അപകടങ്ങളില്‍ നിന്നും രക്ഷിക്കാനും നമ്മുടെ കുട്ടികളെ ബാല്യത്തില്‍ തന്നെ പഠിപ്പിക്കണമെന്നും ഒറ്റയ്ക്ക് വീടിനു പുറത്തേക്ക് പോകുന്ന കുട്ടിക്ക് അച്ഛന്റെയോ അമ്മയുടെയോ ഫോണ്‍ നമ്പർ മനപ്പാഠമാക്കി കൊടുക്കണമെന്നും എംവിഡി ഓര്‍മ്മിപ്പിക്കുന്നു.

ഏതു വശം ചേര്‍ന്നാണ് റോഡിലൂടെ നടക്കേണ്ടതെന്ന് വ്യക്തമായി പറഞ്ഞു മനസ്സിലാക്കണമെന്നും എതിരെ വരുന്ന വാഹനം വ്യക്തമായി കാണാൻ കഴിയുന്ന രീതിയില്‍ നടക്കാൻ പഠിപ്പിക്കണമെന്നും റോഡിന്റെ അരികു ചേര്‍ന്ന് നടക്കാൻ ഉപദേശിക്കണമെന്നും എംവിഡി പറയുന്നു. റോഡില്‍ ഏതെങ്കിലും ആളുകളോ വാഹനമോ സംശയം ജനിപ്പിക്കുന്നതായി കുട്ടി നിങ്ങളോട് പറഞ്ഞാല്‍ അതിനെ നിസ്സാരമായി തള്ളിക്കളയരുതെന്നും കുഞ്ഞുങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള സമയം കണ്ടെത്തണമെന്നും എംവിഡി ഓര്‍മ്മിപ്പിക്കുന്നു.

 

 

 

Exit mobile version