Site icon Malayalam News Live

ഓട്ടത്തിനിടെ വസ്ത്രമഴിഞ്ഞുപോയി; രക്ഷപെട്ടത് കൈവിലങ്ങോടെ പൂര്‍ണനഗ്നനായി; പിടികൂടിയത് ചതുപ്പില്‍ നിന്ന്; പോലീസിനെ വെട്ടിച്ച്‌ ചാടിപ്പോയ കുറുവാസംഘാംഗം പിടിയില്‍

മരട്: പോലീസ് സംഘത്തിനെ വെട്ടിച്ച്‌ ചാടിപ്പോയ കുറുവാസംഘാംഗം പിടിയില്‍.

തമിഴ്നാട് കുറുവ സ്വദേശി സന്തോഷാണ് (38) പിടിയിലായത്.
ആലപ്പുഴ മണ്ണഞ്ചേരി പോലീസ് പിടികൂടിയ കുറുവാസംഘാംഗം കുണ്ടന്നൂരില്‍വെച്ച്‌ പോലീസ് സംഘത്തെ വെട്ടിച്ച്‌ ചാടിപ്പോകുകയായിരുന്നു.

ശനിയാഴ്ച വൈകീട്ട് മരട് കുണ്ടന്നൂരിലാണ് സംഭവം. ഇയാളെ പിടികൂടാനായി രാത്രിയില്‍ പ്രദേശമാകെ പോലീസ് തിരച്ചില്‍ വ്യാപകമാക്കിയിരുന്നു. നാലു മണിക്കൂറിലേറെ നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ കുണ്ടന്നൂർ പാലത്തിന് സമീപത്തെ ചതുപ്പില്‍ നിന്നാണ് രാത്രി 10.30-ഓടുകൂടി പ്രതിയെ പോലീസ് പിടികൂടിയത്.

മണ്ണഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത മോഷണക്കേസുമായി ബന്ധപ്പെട്ടാണ് മണ്ണഞ്ചേരി പോലീസ് കുണ്ടന്നൂരില്‍ നിന്നു മൂന്നംഗ സംഘത്തെ ശനിയാഴ്ച വൈകീട്ട് പിടികൂടിയത്. ഇതിലൊരാളാണ് പോലീസിനെ വെട്ടിച്ച്‌ ചാടിപ്പോയത്. കൈവിലങ്ങുമായി പൂർണനഗ്നനായാണ് പ്രതി കടന്നുകളഞ്ഞത്.

ഇയാള്‍ കായലില്‍ ചാടിയിട്ടുണ്ടാകാമെന്ന സംശയത്തില്‍ അഗ്നിരക്ഷാസേനയുടെയും അവരുടെ സ്കൂബാ ടീമിന്റെയും നേതൃത്വത്തിലും തിരച്ചില്‍ നടത്തിയിരുന്നു. സംഭവത്തെ തുടർന്ന് ഉന്നത പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

സംഘത്തിലുണ്ടായിരുന്ന സ്ത്രീകളടക്കം പോലീസിനെ തടഞ്ഞ് പ്രതിയെ രക്ഷപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പിടികൂടിയ ബാക്കി രണ്ടുപേരെയും മരട് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.
പിടിയിലായവരെ അർദ്ധരാത്രിയോടെ ആലപ്പുഴ പോലീസ് പരിശീലനകേന്ദ്രത്തില്‍ എത്തിച്ച്‌ ചോദ്യം ചെയ്തു.

Exit mobile version