Site icon Malayalam News Live

കോട്ടയം കുറവിലങ്ങാട് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

കുറവിലങ്ങാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവാർപ്പ് മാധവശ്ശേരിൽ വീട്ടിൽ ( കളത്തൂർ ഇല്ലിചുവടുഭാഗത്ത് ഇപ്പോൾ താമസം) വിനീത് എം.വി (21), കടപ്പൂർ വട്ടക്കുളം ഭാഗത്ത് പാറക്കൽ വീട്ടിൽ ( കടപ്ലാമറ്റം ഞരളപ്പുഴ ഭാഗത്ത് ഇപ്പോൾ താമസം) റെജിൽ പി.ആർ (24) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി കടപ്പൂര്‍ സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ സുഹൃത്തിനെ ഇവർ മർദ്ദിക്കുന്നത് കണ്ട് യുവാവ് തടസ്സം പിടിക്കാൻ ചെല്ലുകയും തുടർന്ന് ഇവർ യുവാവിനെ മർദ്ദിക്കുകയും, വഴിയിൽ കിടന്നിരുന്ന കരിങ്കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു.

തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിൽ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു.

കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീജിത്ത്. റ്റി, എ.എസ്.ഐ ജോണി, സി.പി.ഓ മാരായ പ്രവീൺകുമാർ എ.കെ, രഞ്ജിത്ത്, റോയ് വർഗീസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. വിനീതിന് കുറവിലങ്ങാട് സ്റ്റേഷനിലും, റെജിലിന് മേലുകാവ്, മരങ്ങാട്ടുപള്ളി, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാണ്ട് ചെയ്തു.

Exit mobile version