Site icon Malayalam News Live

‘വീണ്ടുകീറിയ ഭിത്തികള്‍; ചോർന്നൊലിക്കുന്ന മേല്‍ക്കൂര; പുറത്തേയ്ക്ക് തള്ളിയ നിലയിൽ കോണ്‍ക്രീറ്റ് കമ്പികള്‍’; ജനങ്ങളുടെ ജീവന് ഭീഷണിയായി കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ സോണല്‍ ഓഫീസ് കെട്ടിടം; കോണ്‍ക്രീറ്റ് പാളി അടർന്നു വീണിട്ടും തിരിഞ്ഞു നോക്കാതെ നഗരസഭ…!

കോട്ടയം: കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ സോണല്‍ ഓഫീസ് കെട്ടിടം ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു.

ഇന്നലെ കോണ്‍ക്രീറ്റ് പാളി അടർന്നു വീണു. വൻഅപകടം ഭാഗ്യത്തിനാണ് ഒഴിവായത്.

ഓഫീസിന്റെ താഴത്തെ നിലയില്‍ പ്രവർത്തിക്കുന്ന കടമുറികളുടെ മുൻഭാഗത്താണ് പാളി വീണത്. കടകളിലേക്ക് എപ്പോഴും ജനങ്ങള്‍ കടന്നുപോകുന്നയിടമാണിത്.

താത്കാലിക ജീവനക്കാർ ഉള്‍പ്പെടെ മുപ്പതോളം പേർ സോണല്‍ ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട്. ഓഫീസ് സമയത്ത് വിവിധ ആവശ്യങ്ങള്‍ക്കായി നിരവധിയാളുകളും വന്നു പോകുന്നു. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുകയോ പൊളിച്ചു മാറ്റുകയോ ചെയ്യണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

കഴിഞ്ഞ വർഷം ഓഫീസിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം അടർന്നു വീണ് ഓഫീസ് സൂപ്രണ്ടിന് പരിക്കേറ്റിരുന്നു. ഇതിന് ശേഷവും ചെറിയ തോതില്‍ നിരവധി അപകടങ്ങള്‍ സംഭവിച്ചിരുന്നു.

ഇന്നലെ കോണ്‍ക്രീറ്റ് അടർന്നു വീണതിനു സമീപമുള്ള സ്ഥലങ്ങള്‍ വിള്ളല്‍ വീണ് തകർന്നിരിക്കുകയാണ്. ഏതു നിമിഷവും ഇവ അടർന്നു വീഴാമെന്ന് പ്രദേശവാസികള്‍ പറയുന്നു.

Exit mobile version