Site icon Malayalam News Live

കുടുംബശ്രീയില്‍ അസിസ്റ്റന്റ് മാനേജറാവാം; 60,000 രൂപ ശമ്പളം; ഓണ്‍ലൈനായി അപേക്ഷിക്കാം

കൊച്ചി: കടുംബശ്രീ സംസ്ഥാന മിഷന് കീഴില്‍ ജോലി നേടാന്‍ അവസരം. സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ തസ്തികയിലാണ് റിക്രൂട്ട്‌മെന്റ്.

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് കുടുംബശ്രീ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

അവസാന തീയതി: ആഗസ്റ്റ് 30.

തസ്തിക & ഒഴിവ്

കുടുംബശ്രീ സംസ്ഥാന മിഷന് കീഴില്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (മൈക്രോ ഫിനാന്‍സ്) നിയമനം. ആകെ ഒഴിവുകള്‍ 01.

കരാറില്‍ ഏര്‍പ്പെടുന്ന ദിവസം മുതല്‍ ആ സാമ്ബത്തിക വര്‍ഷം അവസാനിക്കുന്ന തീയതി വരെയാണ് കരാര്‍ കാലാവധി.

പ്രായപരിധി

45 വയസ് വരെയാണ് പ്രായപരിധി. പ്രായം 30.06.2025 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ എംബിഎ അല്ലെങ്കില്‍ എംഎസ്ഡബ്ല്യൂ വിജയിക്കണം. അല്ലെങ്കില്‍ റൂറല്‍ ഡെവലപ്‌മെന്റില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ PGDM അല്ലെങ്കില്‍ PGDRM അല്ലെങ്കില്‍ റൂറല്‍ മാനേജ്‌മെന്റില്‍ എംകോം സ്‌പെഷ്യലൈസേഷന്‍ വേണം.

മാത്രമല്ല മൈക്രോ ഫിനാന്‍സ് മേഖലയില്‍ 7 വര്‍ഷത്തെ എക്‌സ്പീരിയന്‍സും നിര്‍ബന്ധമാണ്. (സര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്).

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 60,000 രൂപ ശമ്പളമായി ലഭിക്കും.

ജോലിയുടെ സ്വഭാവം

കുടുംബശ്രീ മിഷനിലെ മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നൂതനാശയങ്ങള്‍ വികസിപ്പിക്കുക, പദ്ധതി ആസൂത്രണം, പോളിസിതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുമായി ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. അപേക്ഷാര്‍ഥികള്‍ 2000 രൂപ പരീക്ഷഫിസായി അടയ്‌ക്കേണ്ടതാണ്.

നിയമനരീതി

അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ സ്‌ക്രീനിങ് നടത്തി ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. അതില്‍ നിന്നും അനുയോജ്യരായവരെ അന്തിമ ലിസ്റ്റില്‍ പരിഗണിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30 വൈകീട്ട് അഞ്ച് മണി.

വെബ്‌സൈറ്റ്: https://cmd.kerala.gov.in/

Exit mobile version