Site icon Malayalam News Live

ട്രാവല്‍ കള്‍ച്ചറില്‍ തന്നെ അടിമുടി ചേഞ്ച് വരുന്നു; കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്‌ആർടിസിയിലേക്ക് ആകർഷിക്കാൻ പദ്ധതികള്‍; കെഎസ്‌ആര്‍ടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച്‌ മന്ത്രി ഗണേഷ് കുമാര്‍

പാലക്കാട്: കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്‌ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.

ഇതിനായി കെഎസ്‌ആർടിസിയില്‍ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് കെഎസ്‌ആർടിസി ബസ് ടെർമിനലില്‍ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതായി ആരംഭിക്കുന്ന മൂന്ന് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസുകളില്‍ ഒന്ന് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും.
പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് കോഴിക്കോട് സൂപ്പർഫാസ്റ്റ് പ്രീമിയം ബസ് ആരംഭിക്കും. പുതിയ ട്രാവല്‍ കള്‍ച്ചർ രൂപീകരിക്കുന്നതിന് ഭാഗമായി കേരളത്തിലെ മുഴുവൻ ബസുകളും എസി ആക്കും.
പാലക്കാട് നിന്നും ബാംഗളൂരു, മൈസൂരു ബസ്സുകള്‍ ഉടൻ ഓടിത്തുടങ്ങും.

ടൂറിസം വികസനത്തിന്റെ ഭാഗമായി പാലക്കാട് നിന്ന് മൂന്നാർ – കുമളി സർവീസ് ആരംഭിക്കും. പാലക്കാട് നിന്നും മൂകാംബികയിലേക്ക് ആരംഭിച്ച മിന്നല്‍ സർവീസ് വലിയ ലാഭത്തിലാണ്. ‘ പുതിയ 35 എസി, സെമി സ്ലീപ്പർ ബസ്സുകള്‍ പുറത്തിറക്കും. അതില്‍നിന്ന് ഒരു വണ്ടി മൈസൂരുവിലേക്കും ഒരു വണ്ടി ചെന്നൈയിലേക്കും സർവീസ് നടത്തും.

പാലക്കാട് നിന്ന് പഴനിയിലേക്ക് ഓടിയിരുന്ന സർവീസ് നിർത്തില്ല പകരം ലാഭകരമാകുന്ന പുതിയ സമയം ക്രമീകരിച്ച്‌ സർവീസ് പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version