Site icon Malayalam News Live

തട്ടിക്കൂട്ടി പെയിന്റടിച്ച് ഇറക്കുന്ന കെഎസ്ആർടിസി ബസുകളല്ല; ഇത് വേറെ ലെവൽ… കോട്ടയം–കാസർകോട് റൂട്ടില്‍ സ്റ്റൈലൻ ലുക്കിൽ സർവീസുമായി ‘മിന്നൽ‘

കോട്ടയം: തട്ടിക്കൂട്ടി പെയിന്റുമടിച്ച്‌ സീറ്റ് കവറുമിട്ട് ബസുകള്‍ പുതുക്കിയിറക്കുന്ന കാലമൊക്കെ കഴിഞ്ഞു. പുതിയ ബസുകളോട് കിടപിടിക്കുന് ചിലപ്പോള്‍ അതിനെയും കടത്തിവെട്ടുന്ന നവീകരണമാണ് ഇപ്പോള്‍ കെഎസ്‌ആർടിസിയില്‍ നടക്കുന്നത്.

ആദ്യഘട്ടമായി തങ്ങളുടെ അഭിമാന സർവീസായ ‘മിന്നല്‍ സൂപ്പർ എയർ ഡീലക്സ് ’ കെഎസ്‌ആർടിസി നവീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി കോട്ടയം–കാസർകോട് റൂട്ടില്‍ സർവീസ് നടത്തുന്ന രണ്ട് മിന്നല്‍ ബസുകള്‍ പുതുക്കി നിരത്തിലിറക്കിയിരിക്കുന്നത് സ്റ്റൈലൻ ലുക്കിലാണ്.

ബസുകളുടെ വശങ്ങളില്‍ പാകിയിരിക്കുന്ന ഷീറ്റുകള്‍, മുൻവശത്തെ ഉള്‍പ്പെടെ പ്രധാന ചില്ലുകള്‍ തുടങ്ങിയവ മാറ്റി പുതിയത് സ്ഥാപിച്ചു. വയറിങ്, ബാറ്ററി, എൻജിൻ, ഗിയർബോക്സ്, ലൈറ്റുകള്‍, ബ്രേക്ക് സംവിധാനം തുടങ്ങിയ മുഴുവൻ മെക്കാനിക്കല്‍ സംവിധാനങ്ങളുടെയും നവീകരണം, സീറ്റുകളുടെ കുഷ്യനും കൈത്താങ്ങിയും മറ്റും പുതുക്കല്‍, കർട്ടൻ സ്ഥാപിക്കല്‍, മ്യൂസിക്ക് സിസ്റ്റം സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികളും പൂർത്തീകരിച്ചാണ് ബസുകള്‍ പുതുക്കുന്നത്.

സംസ്ഥാനത്ത് ദീർഘദൂര സർവീസുകളിലെ സൂപ്പർ ഹിറ്റായ മിന്നല്‍ സർവീസുകളിലെ ബസുകള്‍ നവീകരിച്ചതില്‍ യാത്രക്കാരും സന്തോഷത്തിലാണ്. മികച്ച പ്രതികരണമാണ് യാത്രക്കാരില്‍നിന്നും ലഭിക്കുന്നത്. പുതിയ ബസുകളിലെ പോലെ മികച്ച യാത്രാസുഖവും സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്നതിനാല്‍ യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സർവീസ് നടത്തുന്ന എല്ലാ മിന്നല്‍ ബസുകളും ഇത്തരത്തില്‍ നവീകരിക്കും. മിന്നലുകളുടെ നവീകരണം പൂർത്തിയായ ശേഷം, സൂപ്പർ ഡീലക്സ്, സ്കാനിയ, വോള്‍വോ, സൂപ്പർ ഫാസ്റ്റ് തുടങ്ങിയവും നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

Exit mobile version