ശബരിമല തീര്‍ത്ഥാടന ബസിന് സൈഡ് നല്‍കാത്തതില്‍ വിരോധം; കെഎസ്‌ആര്‍ടിസി ഡ്രൈവറെ തല്ലിച്ചതച്ച്‌ ‘അയ്യപ്പഭക്തര്‍’; കൈയ്ക്ക് പരിക്ക്; കേസെടുത്ത് പോലീസ്

തൃശൂര്‍: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം.

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ‘കൈ’ തല്ലി ഒടിച്ചു. കഴിഞ്ഞ ദിവസം രാത്രി പൂങ്കുന്നത്ത് വെച്ചാണ് സംഭവം നടന്നത്. ട്രിച്ചിയില്‍ നിന്നും 50 പേര്‍ അടങ്ങുന്ന രണ്ട് മിനി ബസുകള്‍ക്ക് കടന്ന് പോകാന്‍ കെ.എസ്.ആര്‍.ടി.സി ബസ് വഴി കൊടുത്തില്ലെന്നാണ് ഇവരുടെ ആരോപണം.

ഇതിനിടയില്‍ മിനി ബസില്‍ കെ.എസ്.ആര്‍.ടി.സി ഉരസുകയും മിനി ബസിന്റെ കണ്ണാടിയ്ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. ശേഷം നിര്‍ത്താതെ പോയ കെ.എസ്.ആര്‍.ടി.സി ബസിനെ പിന്തുടര്‍ന്നെത്തിയ അയ്യപ്പ ഭക്തര്‍ പൂങ്കുന്നത്ത് വെച്ച്‌ ബസിന്റെ മുന്നില്‍ മിനി ബസ് നിര്‍ത്തിയിട്ട് ഡ്രൈവറുമായി തര്‍ക്കം ഉണ്ടാവുകയും ഡ്രൈവറെ വലിച്ച്‌ പുറത്തേയ്ക്കിട്ട് ഇവർ മര്‍ദ്ദിക്കുകയുമായിരുന്നു.

കൈ ഒടിഞ്ഞ നിലയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കൊല്ലം സ്വദേശി ജിബിന്‍ ബാബു (27) വിനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് മിനി ബസുകളും വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഡ്രൈവറെ മര്‍ദ്ദിച്ച മൂന്ന് അയ്യപ്പഭക്തര്‍ക്കതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.