Site icon Malayalam News Live

‘വേറെ ബസില്‍ കയറി പൊയ്‍ക്കോ’; സീറ്റ് ബുക്ക് ചെയ്ത് കാത്തുനിന്ന യാത്രക്കാരെ വഴിയിലുപേക്ഷിച്ച്‌ കെഎസ്‌ആർടിസി; തിരുവല്ല സ്വദേശിനിയുടെ പരാതിയിൽ കെഎസ്‌ആർടിസിക്ക് 35,146 രൂപ പിഴ ചുമത്തി പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

പത്തനംതിട്ട: മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്ത് കാത്തുനിന്ന യാത്രക്കാരെ വഴിയിലുപേക്ഷിച്ച്‌ സർവീസ് നടത്തിയ കെഎസ്‌ആർടിസിക്ക് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴ ചുമത്തി.

പരാതിക്കാരിയായ തിരുവല്ല സ്വദേശിനി ശ്രുതി സൂസൻ ഫിലിപ്പിന് ടിക്കറ്റ് തുകയായ 146 രൂപയും, 25,000 രൂപ നഷ്ടപരിഹാരവും, കോടതി ചെലവിലേക്ക് 10,000 രൂപയും ഉള്‍പ്പെടെ ആകെ 35,146 രൂപ കെഎസ്‌ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ നല്‍കണമെന്നാണ് കമ്മീഷന്‍റെ വിധി.

കഴിഞ്ഞ 2024 ഓഗസ്റ്റ് 24നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പരാതിക്കാരിയായ ശ്രുതിയും അച്ഛനും മറ്റ് ചില ആശുപത്രി യാത്രക്കാരും കാട്ടാക്കടയില്‍ നിന്നും എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് പോകുന്ന കെഎസ്‌ആർടിസി ബസില്‍ (Trip Code: 0400KTAAIMSH, PNR No. 6810763) തിരുവല്ലയില്‍ നിന്നും യാത്ര ചെയ്യുന്നതിനായി സീറ്റ് ബുക്ക് ചെയ്തിരുന്നു.

സ്റ്റേഷൻ മാസ്റ്റർ നിർദ്ദേശിച്ചതു പ്രകാരം രാവിലെ 7.30 മുതല്‍ തിരുവല്ല ഡിപ്പോയില്‍ ബസ് കാത്തുനിന്നെങ്കിലും 8.10 ആയിട്ടും ബസ് എത്തിയില്ല. തുടർന്ന് ബസിലെ ക്രൂ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് ബസ് തിരുവല്ല ഡിപ്പോയില്‍ കയറാതെ കോട്ടയം എത്തിയെന്ന വിവരമറിയുന്നത്.

‘മറ്റ് ഏതെങ്കിലും ബസില്‍ കയറി പൊയ്ക്കൊള്ളാൻ’ എന്നായിരുന്നു ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ മറുപടി. സ്റ്റേഷൻ മാസ്റ്ററോട് അന്വേഷിച്ചപ്പോള്‍ ബസ് ക്രൂ ഡിപ്പോയില്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമായി.

ഉച്ചയ്ക്ക് 12.30-ന് ഡോക്ടറെ കാണാൻ മുൻകൂട്ടി പണമടച്ച്‌ ബുക്ക് ചെയ്തിരുന്ന ശ്രുതിക്ക്, ഐടി ജോലിയില്‍ നിന്നും അവധിയെടുത്താണ് വരേണ്ടി വന്നത്. എന്നാല്‍ ബസ് വരാത്തതിനെത്തുടർന്ന് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചേരാൻ സാധിക്കാതെ വരികയും യാത്ര റദ്ദാക്കി മടങ്ങേണ്ടി വരികയും ചെയ്തു.
അസുഖബാധിതയായതിനാല്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് മുൻനിർത്തിയാണ് കെഎസ്‌ആർടിസിയിലെ വിശ്വാസപൂർവ്വം സീറ്റ് ബുക്ക് ചെയ്തതെന്ന് ശ്രുതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

കെഎസ്‌ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ഉത്തരവാദിത്തമില്ലായ്മ മൂലം പരാതിക്കാരിക്ക് വലിയ സാമ്പത്തിക നഷ്ടവും കടുത്ത മാനസിക പ്രയാസവുമുണ്ടായി. സംഭവദിവസം തന്നെ തിരുവല്ല സ്റ്റേഷൻ മാസ്റ്റർക്കും, കെഎസ്‌ആർടിസി എംഡിക്കും, ഗതാഗത മന്ത്രിക്കും പരാതി നല്‍കിയിരുന്നു.

പിന്നീട് ലഭിച്ച വിവരവകാശ മറുപടിയില്‍, കെഎസ്‌ആർടിസി ജീവനക്കാർക്ക് മാപ്പെഴുതി നല്‍കിയാല്‍ പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഉണ്ടാകാറില്ലെന്ന വിവരം ലഭിച്ചതോടെയാണ് ശ്രുതി ഉപഭോക്തൃ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

Exit mobile version