Site icon Malayalam News Live

പെരുവന്താനത്ത് കുമളിയിൽ നിന്നും കോട്ടയത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിന് മുകളിൽ മലമുകളിൽ നിന്ന് കൂറ്റൻ കല്ല് പതിച്ചു; പള്ളിക്കത്തോട് സ്വദേശിക്ക് പരിക്ക്; ബസ്സിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു

മുണ്ടക്കയം: കുട്ടിക്കാനം പാതയിൽ പെരുവന്താനത്തിന് സമീപം പുലർച്ചെ 4:30-ഓടെ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് വഴിമാറിയത്.

കുമളിയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗത്തേക്കാണ് മലമുകളിൽ നിന്നും കൂറ്റൻ പാറ അടർന്നു വീണത്.

അപകടത്തിൽ ബസ്സിന്റെ പിൻസീറ്റിൽ ഇരുന്നിരുന്ന പള്ളിക്കത്തോട് സ്വദേശി രാജുവിനാണ് പരിക്കേറ്റത്. പാറ പതിച്ചതിനെ തുടർന്ന് ബസ്സിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു.
അതിരാവിലെയായതിനാൽ റോഡിൽ മറ്റ് വാഹനങ്ങളുടെ തിരക്കില്ലാതിരുന്നതും ബസിന് തൊട്ടുപിന്നാലെ ഇരുചക്ര വാഹനങ്ങളോ മറ്റ് ചെറിയ വണ്ടികളോ ഉണ്ടാകാതിരുന്നതുമാണ് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായത്. ചെറിയ വാഹനങ്ങളുടെ മുകളിലേക്കാണ് ഈ കൂറ്റൻ പാറ പതിച്ചിരുന്നതെങ്കിൽ വലിയ ജീവഹാനി വരെ സംഭവിക്കുമായിരുന്നു.

പരിക്കേറ്റ യാത്രക്കാരനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. മുൻപും ഈ മലയോര പാതയിൽ സമാനമായ രീതിയിൽ പാറ അടർന്നു വീണ് അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്ത് പെരുവന്താനം പോലീസ് എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

Exit mobile version