Site icon Malayalam News Live

ഡ്യൂട്ടിത്തുക സര്‍ക്കാര്‍ എടുക്കുന്നതോടെ കെ എസ് ഇ ബി വൻ കെണിയിലാകും; ഈയിനത്തില്‍ നഷ്ടമാകുക വര്‍ഷം 1200 കോടിയോളം; വൈദ്യുതി സര്‍ചാര്‍ജ് തുടരും

തിരുവനന്തപുരം: ഇലക്‌ട്രിസിറ്റി ബില്ലിലെ ഡ്യൂട്ടിത്തുക അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ എടുക്കുന്നതോടെ വൈദ്യുതി ബോര്‍ഡ് നഷ്ടക്കണക്കിന്റെ വൻകെണിയിലാവും.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവും. വൈദ്യുതി ചാര്‍ജിന്റെ 10 ശതമാനമാണ് ബില്ലിനൊപ്പം ഡ്യൂട്ടി പിരിക്കുന്നത്. വര്‍ഷം 1200 കോടിയോളം രൂപ വരുമിത്. നടപ്പുവര്‍ഷം 2939 കോടിയാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്ന നഷ്ടം.ഇതിനുപുറമേയാണ് 1200 കോടികൂടി നഷ്ടമാകുന്നത്.

2021-22ല്‍ കെ.എസ്.ഇ.ബി ലാഭത്തിലെത്തിയെങ്കിലും വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 2013ല്‍ കെ.എസ്.ഇ.ബി കമ്ബനിയായപ്പോള്‍ സര്‍വീസിലുണ്ടായിരുന്നവര്‍ക്ക് പെൻഷൻ, സേവന ആനുകൂല്യങ്ങള്‍ നല്‍കാൻ10 വര്‍ഷത്തേക്ക് വിട്ടുകൊടുത്തതാണ് ഈ തുക. അതിന്റെ കാലാവധി ഒക്ടോബര്‍ 30ന് അവസാനിക്കും.

നവംബര്‍ മുതല്‍ സര്‍ക്കാര്‍ തുക എടുക്കുമെന്ന് ബഡ്ജറ്റില്‍ പറഞ്ഞിരുന്നു.
വൈദ്യുതി നിരക്ക് നിര്‍ണ്ണയത്തില്‍ പെൻഷൻ തുകയും ചെലവിനമായി ഉള്‍പ്പെടുത്തണമെന്ന കെ.എസ്.ഇ.ബിയുടെ അപേക്ഷ 2021ല്‍ റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചിരുന്നു.

എന്നാല്‍, കഴിഞ്ഞ മാസം ഹൈക്കോടതി ഇത് റദ്ദാക്കി. ജൂണിലെ നിരക്ക് പരിഷ്കരണവും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നടപ്പായില്ല. മൂന്നു മാസ പെൻഷന് പണം കണ്ടെത്താൻ റെഗുലേറ്ററി കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. 40,080 പെൻഷൻകാരുണ്ട്. പ്രതിമാസം 150 കോടി വേണം പെൻഷൻ നല്‍കാൻ.

Exit mobile version