അനുനയ ശ്രമത്തിൽ വഴങ്ങിയില്ല; തളിപ്പറമ്പിൽ വിമത സ്ഥാനാർത്ഥിയായി കൊയ്യം ജനാര്‍ദ്ധനന്‍ മത്സരിക്കും

തളിപ്പറമ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുറച്ച് കൊയ്യം ജനാര്‍ദ്ധനന്‍. കെപിസിസി, ഡിസിസി പ്രസിഡന്റുമാരുടെ അനുനയ ശ്രമത്തിലും വഴങ്ങിയില്ല. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഫോണില്‍ നേരിട്ട് സംസാരിച്ചെങ്കിലും കൊയ്യം ജനാര്‍ദ്ധനന്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിക്കുകയായിരുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന് കൊയ്യം ജനാര്‍ദ്ധനന്‍ പറഞ്ഞു. വെളളിയാഴ്ച്ച തളിപ്പറമ്പില്‍ പത്രസമ്മേളനം നടത്തും. ശനിയാഴ്ച്ച മുതല്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തുമെന്നും ജനാര്‍ദ്ധനന്‍ അറിയിച്ചു. നേരത്തെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹനനും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സിപിഐഎം വിമതരെ പിന്തുണയ്ക്കാനുളള യുഡിഎഫിന്റെ തീരുമാനത്തിനെതിരെ മത്സരിക്കുമെന്നായിരുന്നു വിജില്‍ നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് നേതൃത്വത്തിന്റെ നിര്‍ദേശം ഉള്‍ക്കൊണ്ട് മത്സരിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

തളിപ്പറമ്പില്‍ സിപിഐഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ടി കെ ഗോവിന്ദനെ യുഡിഎഫ് പിന്തുണയ്ക്കുന്നതിനെതിരെയാണ് വിജില്‍ മോഹനന്‍ നേരത്തെ രംഗത്തുവന്നത്. താന്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വിജില്‍ പ്രഖ്യാപിക്കുകയായിരുന്നു. പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കിയാല്‍ പിന്തുണയ്ക്കില്ലെന്നും വിജില്‍ പറഞ്ഞിരുന്നു.