Site icon Malayalam News Live

കോട്ടയം നഴ്സിംഗ് കോളേജിലെ ക്രൂര റാഗിങ്; പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർപഠനം അനുവദിക്കില്ലെന്ന് നഴ്സിംഗ് കൗൺസിൽ യോഗം

കോട്ടയം: കോട്ടയത്തെ നഴ്സിംഗ് കോളേജിലെ റാഗിങ്ങിൽ നടപടി. പ്രതികളായ 5 നഴ്സിങ് വിദ്യാർത്ഥികളുടേയും തുടർ പഠനം തടയാൻ നഴ്സിംഗ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. കോളേജ് അധികൃതരെയും സർക്കാരിനേയും തീരുമാനം അറിയിക്കും.

ഹോസ്റ്റൽ മുറിയിൽ കണ്ണിൽ ചോരയില്ലാത്ത ക്രൂരത കാണിച്ച കെ പി രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻ എസ് ജീവ, റിജിൽ ജിത്ത്, എൻ വി വിവേക് എന്നീ വിദ്യാർത്ഥികൾ പഠനം തുടരാൻ അർഹരല്ലെന്നാണ് നഴ്സിംഗ് കൗൺസിലിന്റെ കണ്ടെത്തൽ. ഇന്ന് ചേർന്ന നേഴ്സിങ് കൗൺസിൽ യോഗത്തിലാണ് പ്രതികളായ മുഴുവൻ വിദ്യാർഥികളെയും തുടർ പഠനത്തിൽ നിന്നും വിലക്കാൻ തീരുമാനമെടുത്തത്. ജൂനിയർ വിദ്യാർത്ഥികളോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് പ്രതികൾ ചെയ്തുതന്നാണ് നേഴ്സിങ് കൗൺസിലിന്റെ വിലയിരുത്തൽ.

”വിദ്യാർത്ഥികളുടെ തുടർ പഠനം തടയുമെന്ന് നഴ്സിങ് കൌൺസിൽ അംഗം ഉഷാദേവി അറിയിച്ചു. ക്രൂരമായ റാഗിങ്ങാണ് നടന്നത്. കുറ്റക്കാരായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കില്ല. കൗൺസിൽ തീരുമാനം കോളജിനെയും സർക്കാരിനെയും അറിയിക്കും. സേവന മേഖലയിൽ മനുഷ്യത്വം ഉള്ളവരാണ് കടന്നു വരേണ്ടത്. ജനറൽ നഴ്സിങ് പഠിക്കുന്ന കുട്ടികളുടെ ബോർഡ് നേഴ്സിങ് കൗൺസിലാണ്. കേരളത്തിൽ എന്തായാലും അവർക്ക് ഇനി പഠിക്കാൻ സാധിക്കില്ല. കേസിൽ തീരുമാനം ആകുന്നതിനുമുറയ്ക്കാകും മറ്റ് കാര്യങ്ങൾ. ഇതേ കോളേജിൽനിന്ന് 2 വർഷം മുന്നേ പരാതി വന്നിരുന്നുവെന്നും ഉഷാദേവി അറിയിച്ചു.

തുടർ നടപടികൾ അതിവേഗത്തിലാക്കാൻ സർക്കാരിനെ സമീപിക്കും. സംഭവത്തിൽ ഇരയാക്കപ്പെട്ട നാല് വിദ്യാർത്ഥികൾ കൂടി പരാതി നൽകിയതോടെ അന്വേഷണവും ബലപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി കോളേജിലും ഹോസ്റ്റലിലും പൊലീസ് തെളിവ് ശേഖരണം നടത്തുകയാണ്.

അതേ സമയം, പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികളായ വിദ്യാർഥികളുടെ ഹോസ്റ്റൽ മുറിയിൽ നിന്ന് കരിങ്കല്ലും കത്തിയും അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തി. ആൺകുട്ടികളുടെ ഹോസ്റ്റലിലെ 13 നമ്പർ മുറിയിലാണ് റാഗിങ്ങ് കേസിലെ പ്രതികൾ താമസിച്ചിരുന്നത്. ഈ മുറിയിലേക്ക് ജൂനിയർ വിദ്യാർഥികളെ വിളിച്ചുവരുത്തിയാണ് പലപ്പോഴും കൊടും ക്രൂരതകൾ നടന്നത്. പ്രതികൾ കൂട്ടംകൂടിയിരുന്ന് മദ്യപിച്ചതും ഇവിടെവെച്ചാണ്. ജൂനിയർ വിദ്യാർത്ഥികളെ ഉപദ്രവിക്കാൻ ഉപയോഗിച്ച കോമ്പസും ഡമ്പലും അടക്കം ഈ മുറിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂടുതൽ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം.

കേസിന്റെ തുടക്കം മുതൽ സംഭവത്തെ പറ്റി അറിയില്ലെന്ന് പറയുന്ന അസിസ്റ്റന്റ് വാർഡന്റെയും ഹൗസ് കീപ്പറുടെയും മൊഴിയിൽ അന്വേഷണസംഘത്തിന് ഇപ്പോഴും സംശയമാണ്. ഹോസ്റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്ത് വെച്ചാണ് ക്രൂരമായ പീഡനം നടന്നത്. പ്രതികളായ വിദ്യാർത്ഥികൾ ഹോസ്റ്റൽ അധികൃതരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നും സംശയമുണ്ട്.

ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരുത്താനാണ് ഹോസ്റ്റൽ കോളേജ് അധികൃതരെ വീണ്ടും ചോദ്യം ചെയ്യുന്നത്. കോളേജിലെ അധ്യാപകരിൽ നിന്നും മറ്റു വിദ്യാർത്ഥികളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടും. അസിസ്റ്റന്റ് വാർഡിന്റെയും ഹൗസ് കീപ്പറുടെയും അഭാവത്തിൽ ഹോസ്റ്റലിന്റെ പൂർണ നിയന്ത്രണം പ്രതികടക്കമുള്ള സീനിയർ വിദ്യാർത്ഥികൾക്കായിരുന്നു. കോളേജിലെത്തി അന്വേഷണം നടത്തിയ നഴ്സിംഗ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യവകുപ്പിന് റിപ്പോർട്ട് കൈമാറും.

Exit mobile version