Site icon Malayalam News Live

കോട്ടയം കുറിച്ചിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം ; 21 കാരന് ദാരുണാന്ത്യം ; ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

ചിങ്ങവനം: എം.സി റോഡിൽ ചങ്ങനാശ്ശേരി കുറിച്ചി കാലായിപ്പടിയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞ് റോഡരികിലെ സിഗ്നൽ പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.

കുറിച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ നീലംപേരൂർ നികത്തിൽ വീട്ടിൽ ജെബിൻ (21) ആണ് മരിച്ചത്.

ഇയാൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന അലൻ, അഭിഷേക് എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.

കുറിച്ചി ഭാഗത്തു നിന്നും തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനായാണ് മൂന്നംഗ സംഘം ചിങ്ങവനത്തേയ്ക്ക് എത്തിയത്.

ഈ സമയത്ത് ഇവർ സഞ്ചരിച്ച ബൈക്ക് കാലായിപ്പടി ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് റോഡിൽ തെന്നി മറിയുകയായിരുന്നതായി പൊലീസ് പറയുന്നു.

തുടർന്ന് റോഡിൽ തെന്നിമാറിയ ബൈക്ക് റോഡരികിലെ സിഗ്നൽ പോസ്റ്റിൽ വന്നിടിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണ് കിടന്ന മൂന്നു യുവാക്കളെയും നാട്ടുകാരും പൊലീസും ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തിൽ പരിക്കേറ്റ ജെവിൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.

Exit mobile version