Site icon Malayalam News Live

മഴയ്ക്കൊപ്പം ശക്തമായ കാറ്റും: കോട്ടയം ജില്ലയിൽ വ്യാപക നാശനഷ്ടം; മരങ്ങൾ കടപുഴകി വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു; ഗതാഗതം സ്തംഭിച്ചു; മരം വീണ് തകർന്ന വീട്ടിൽ നിന്നും വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: മഴയ്ക്കൊപ്പം കൊടുങ്കാറ്റിൽ ജില്ലയിൽ വൻ നാശനഷ്ടം. ജില്ലയിലെ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി, ഗതാഗതം തടസപ്പെട്ടു, വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.വിവിധയിടങ്ങളിൽ സർവത്ര നാശം.ചുഴലിക്കാറ്റിൽ കല്ലറ, മാഞ്ഞൂർ, മുളക്കുളം പഞ്ചായത്തുകളിൽ വ്യാപക നാശം. മാഞ്ഞൂരിൽ മരം വീണ് ഒരു വീടും പശു ഫാമും തകർന്നു. മരം വീണു തകർന്ന വീട്ടിൽ നിന്നും വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കല്ലറയിലും മുളക്കുളത്തും മരം വീണ് ഗതാഗത തടസ്സം. പലയിടത്തും വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്നു.

വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കാറ്റിലും മഴയിലും തേക്ക് മരം കടപുഴകി വീണ് മാഞ്ഞൂർ പഞ്ചായത്ത് ചാമക്കാലാ രാജമ്മ ഭരതന്റെ വീടാണ് തകർന്നത്. കോതനല്ലൂർ പാറപ്പുറം ആനിക്കാട് എ.കെ. ശശിയുടെ ഫാമാണ് തകർന്നത്. ഫാമിൽ പശുക്കളുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

കല്ലറ പഞ്ചായത്തിൽ കല്ലറ സെന്റ് തോമസ് സ്കൂളിനു സമീപം തേക്ക് മരം കടപുഴകി വീണതോടെ വൈദ്യുത പോസ്റ്റുകൾ റോഡിൽ വീണും ലൈനുകൾ പൊട്ടി വീണും ഗതാഗതം തടസ്സപ്പെട്ടു.കല്ലറ– പറവൻതുരുത്ത് റോഡിൽ വാലയിൽ ഭാഗത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

അഗ്നി രക്ഷാ സേനയും നാട്ടുകാരും ജനപ്രതിനിധികളും ചേർന്നാണ് ഗതാഗത തടസ്സം നീക്കിയത്. കെഎസ്ഇബിക്ക് കനത്ത നഷ്ടം സംഭവിച്ചിട്ടുണ്ട്.

പെരുവ – മറ്റപ്പള്ളിക്കുന്ന് – മണ്ണൂക്കുന്ന് റൂട്ടിലും , പെരുവ ഗേൾസ് സ്കൂൾ റൂട്ടിലും മരം വീണു ഗതാഗതം തടസ്സപ്പെട്ടു. മറ്റപ്പള്ളിക്കുന്ന് റസിഡൻസ് അസോസിയേഷനിലെ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് മരം വെട്ടി നീക്കി. പിറവത്തു നിന്നും അഗ്നി രക്ഷാ സേനയും വെള്ളൂരിൽ നിന്നും പൊലീസും സ്ഥലത്ത് എത്തി നേതൃത്വം നൽകി. പലയിടത്തും മരം വീണ് പൊട്ടിയ വൈദ്യുതി ലൈനുകളും വീണ പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. തോടുകളും പാടശേഖരങ്ങളും നിറഞ്ഞു കിടക്കുന്ന നിലയിലാണ്.

 

Exit mobile version