Site icon Malayalam News Live

വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ അനുനയിപ്പിച്ച്‌ താഴെയിറക്കി ; കോട്ടയം കിടങ്ങൂരിലാണ് സംഭവം.

 

കോട്ടയം : ഇരാറ്റുപേട്ട സ്വദേശി പ്രദീപാണ് രാവിലെ ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. രാവിലെ ആറോടെയാണ് ഇയാള്‍ ടവറില്‍ കയറിയതെന്നാണ് സൂചന. എട്ടുമണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പ്രദീപിനെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മണിക്കൂറുകളോളം ഇയാള്‍ ടവറിനു മുകളിലിരുന്നു.

തനിക്ക് നിരവധി കുടുംബപ്രശ്‌നങ്ങളുണ്ടെന്നും സ്വന്തമായി വീടില്ലെന്നും ഇയാള്‍ ടവറിന്‍റെ മുകളില്‍ നിന്നു വിളിച്ചുപറഞ്ഞു. മുഖ്യമന്ത്രിയോ സുരേഷ് ഗോപിയോ സ്ഥലത്ത് എത്തിയാല്‍ മാത്രമേ താൻ താഴെയിറങ്ങുകയുള്ളൂ എന്നും പറഞ്ഞു.

ഒടുവില്‍ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്‍റും മറ്റ് ജനപ്രതിനിധികളും സ്ഥലത്തെത്തി പ്രദീപിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും വീട് വയ്ക്കാനുള്ള സൗകര്യമൊരുക്കാമെന്നും പ്രസിഡന്‍റ് ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് പ്രദീപ് ടവറില്‍ നിന്ന് ഇറങ്ങിയത്. തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

 

Exit mobile version