കോട്ടയം: സഹപാഠികളെ ആക്രമിക്കാൻ ക്വട്ടേഷൻ സംഘത്തെ വിളിച്ചുവരുത്തിയ വിദ്യാർഥികളെ എക്സൈസ് സംഘം വിരട്ടിയോടിച്ചു.
മിനി സിവിൽ സ്റ്റേഷനു സമീപം ചൊവ്വാഴ്ച വർഷാവസാന പരീക്ഷയ്ക്കു ശേഷം സഹപാഠികളെ ആക്രമിക്കാനാണ് വിദ്യാർഥികൾ പദ്ധതിയിട്ട് സംഘത്തെ വരുത്തിയത്. 8 ബൈക്കുകളിലായി 25 പേരിലധികമുണ്ടായിരുന്ന സംഘമാണു പുറത്തുനിന്നെത്തിയതെന്ന് എക്സൈസ് പറയുന്നു.
എംജി സർവകലാശാലയിൽ ലഹരിവിരുദ്ധ ക്ലാസെടുത്തശേഷം ഓഫിസിലേക്കു മടങ്ങിവരികയായിരുന്ന എക്സൈസ് സംഘമാണ് ആക്രമണത്തിന് തയാറെടുത്തു സംഘം തമ്പടിച്ചത് കണ്ടത്.
കുറുവടികളും സൈക്കിൾ ചെയിനുകളും ക്വട്ടേഷൻ സംഘം കരുതിയിട്ടുണ്ടായിരുന്നു. കോട്ടയം എക്സൈസ് സർക്കിൾ ഓഫിസിലെ ഉദ്യോഗസ്ഥരായ ബി. ആനന്ദരാജ്, വി. വിനോദ് കുമാർ, സി.കെ. അനസ് മോൻ എന്നിവർ ഇടപെട്ടാണ് വിദ്യാർഥികളെ ഓടിച്ചത്.
