കോട്ടയം : ആർപ്പുക്കരയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ആർപ്പൂക്കര വില്ലുന്നി ചൂരക്കാവ് ക്ഷേത്രത്തിനു സമീപം മൂന്നു പറയിൽ വീട്ടിൽ രാജേഷിൻ്റെ മകൻ ആദിത്യൻ രാജേഷ് (22) ആണ് മരിച്ചത്.
ആർപ്പുക്കര അമ്പലക്കവലയിൽ എസ്.എം.ഇയ്ക്കു സമീപം ബുധനാഴ്ച രാത്രി 10.45 നാണ് അപകടമുണ്ടായത്.
മെഡിക്കൽ കോളേജ് ആശുപത്രി ഭാഗത്ത് സുഹൃത്തുക്കളെ കണ്ട ശേഷം വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റിന്റെ കോൺക്രീറ്റ് ഭാഗം ഇളകി മാറി കമ്പി പുറത്തു വന്നു.
ഗുരുതരമായി പരിക്കേറ്റ ആദിത്യനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
പിതാവ് : രാജേഷ്. മാതാവ് : സവിത രാജേഷ്. അഭിറാമും, അഭിജിത്തും സഹോദരങ്ങളാണ്. സംസ്കാരം നാളെ ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
