കോട്ടയം: നഗരസഭയിലെ ചെയർപേഴ്സണും വൈസ് ചെയർമാനും എതിരെ ഇടതുപക്ഷത്തിന്റെ അവിശ്വാസപ്രമേയം ആഗസ്റ്റ് 29ന് ചർച്ചക്കെടുക്കും
ആഗസ്റ്റ് 29ന് അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറർ വ്യക്തമാക്കി.
ആഗസ്റ്റ് 29ന് രാവിലെ 9 മണിക്ക് നഗരസഭാ അധ്യക്ഷക്കെതിരായ അവിശ്വാസവും, ഉച്ചയ്ക്ക് രണ്ടുമണിക്ക് വൈസ് ചെയർമാന് എതിരെയുള്ള അവിശ്വാസവും ചർച്ചയ്ക്ക് എടുക്കും
നഗരസഭയിൽ നിന്നും മുൻജീവനക്കാരൻ അഖിൽ സി വർഗീസ് മൂന്ന് കോടി രൂപ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടർന്നാണ് നഗരസഭയിൽ അവിശ്വാസത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയത്.
മുൻപ് ചെയർപേഴ്സനെതിരെ 2 തവണ പ്രതിപക്ഷം അവിശ്വാസം കൊണ്ടു വന്നിരുന്നുവെങ്കിലും രണ്ടുതവണയും നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അവിശ്വാസത്തെ അതിജീവിച്ചിരുന്നു. എന്നാൽ വൈസ് ചെയർമാന് എതിരെ ആദ്യമായാണ് അവിശ്വാസത്തിന് നോട്ടീസ് നൽകുന്നത്.
പ്രതിപക്ഷത്തെ 21 കൗൺസിലർമാരാണ് അവിശ്വാസ നോട്ടീസിൽ ഒപ്പിട്ടിരിക്കുന്നത് അവിശ്വാസം പാസാകണമെങ്കിൽ 27 അംഗങ്ങളുടെ പിന്തുണ വേണം.
8 അംഗങ്ങൾ ഉള്ള ബിജെപിയുടെ പിന്തുണ കൂടി ഉറപ്പാക്കിയാലേ ഇടതുപക്ഷത്തിന് അവിശ്വാസം വിജയിപ്പിക്കാൻ പറ്റുകയുള്ളൂ.
എന്നാൽ ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തുന്ന ഒത്തുകളിയിൽ തങ്ങൾക്ക് താല്പര്യമില്ലന്നാണ് ബിജെപിയുടെ നിലപാട്
നഗരസഭയിലെ 3 കോടിയുടെ തട്ടിപ്പ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ നഗരസഭ റെയ്ഡ് ചെയ്ത് രേഖകൾ പിടിച്ചെടുത്തിരുന്നു.
ഇന്ന് രാവിലെ മുതൽ സെക്രട്ടറി അടക്കമുള്ളവർ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യൽ നേരിടുകയാണ്.
2020 മുതൽ കോട്ടയം നഗരസഭയിൽ ജോലി ചെയ്തിട്ടുള്ള സെക്രട്ടറിമാർക്കും അഴിമതിയിൽ പങ്കുണ്ടെന്ന് വ്യക്തമാണ്.
2020 മാർച്ച് മുതലാണ് അഖിൽ സി വർഗീസ് കോട്ടയം നഗരസഭയിൽ ജോലിക്ക് കയറിയത്. മാർച്ച് മാസം മുതൽ തന്നെ അഖിൽ സി വർഗീസ് തട്ടിപ്പും തുടങ്ങി.
കൊല്ലം നഗരസഭയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അഖിൽ സി വർഗീസ് സസ്പെൻഷനിൽ ആയിരുന്നു. സസ്പെൻഷൻ കഴിഞ്ഞാണ് അഖിൽ സി വർഗീസ് കോട്ടയത്തേക്ക് ജോലിക്ക് എത്തിയത്.
അഖിൽ സി വർഗീസിന്റെ സർവീസ് ബുക്കിൽ കൊല്ലത്തെ തട്ടിപ്പ് സംബന്ധിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന തസ്തിയിലേക്ക് അഖിൽ സി വർഗീസിനെ കോട്ടയത്ത് നിയമിച്ചത് .
ഇതിലൂടെ തന്നെ കോട്ടയം നഗരസഭയിലെ മുൻ സെക്രട്ടറിമാർ അടക്കമുള്ളവർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്ന് വ്യക്തമാണ്
ബിൻസിയും ഗോപകുമാറും വീഴുമോ? കോട്ടയം നഗരസഭയിലെ അവിശ്വാസപ്രമേയം ആഗസ്റ്റ് 29ന് ചർച്ചയ്ക്കെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്
