Site icon Malayalam News Live

കുറവിലങ്ങാട് മഠം; ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിത ഉൾപ്പെടെ മൂന്ന് കന്യാസ്ത്രീകൾക്ക് റേഷൻ കാർഡ് അനുവദിച്ചു

കോട്ടയം: ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിത ഉൾപ്പെടെ മൂന്ന് കന്യാസ്ത്രീകൾക്ക് റേഷൻ കാർഡ് അനുവദിച്ചു.

ഇന്നലെ ഉച്ചയോടെ ജില്ലാ സപ്ലൈ ഓഫീസർ പി. സജിനി അടക്കമുള്ള ഉദ്യോഗസ്ഥർ മഠത്തിൽ നേരിട്ടെത്തി കാർഡുകൾ കൈമാറുകയായിരുന്നു.

 

വലിയ സന്തോഷം. മന്ത്രി അനിൽസാറിനോട് ഞങ്ങളുടെ നന്ദി അറിയിക്കണം’’ -കാർഡ് ഏറ്റുവാങ്ങിയശേഷം കന്യാസ്ത്രീകൾ പറഞ്ഞു. ഇവർക്ക് കാർഡില്ലെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രി ജി.ആർ. അനിൽ അടിയന്തരനടപടി സ്വീകരിച്ചത്.

 

അന്വേഷണം നടത്തി വേണ്ടവിധത്തിൽ പരിഹാരം കാണാൻ ജില്ലാ സപ്ലൈ ഓഫീസറെ മന്ത്രി ചുമതലപ്പെടുത്തുകയായിരുന്നു. കാർഡിന് പുതിയ അപേക്ഷ വാങ്ങി. അതിജീവിതയായ കന്യാസ്ത്രീ ഉൾപ്പെടെ രണ്ടുപേർ നിലവിൽ തങ്ങളുടെ പേരുള്ള റേഷൻകാർഡിൽനിന്നു പേരുകൾ കുറവുചെയ്യാൻ അപേക്ഷ നൽകി.

 

മറ്റൊരു കന്യാസ്ത്രീക്ക് ആധാർകാർഡുവെച്ചും പുതിയ കാർഡ് അനുവദിക്കുകയായിരുന്നു.

കുറവിലങ്ങാട് താലൂക്ക് സപ്ലൈ ഓഫീസർ സിന്ധുമോൾ, റേഷനിങ് ഇൻസ്പെക്ടർ സാം മൈക്കിൾ, ജില്ലാ സപ്ലൈ ഓഫീസിലെ സാജ് മോൻസി, രൂപേഷ് ആർ. ഷേണായി, സുഭാഷ് കുമാർ എന്നീ ജീവനക്കാരും കാർഡ് കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു.

Exit mobile version