Site icon Malayalam News Live

കോട്ടയം പനച്ചിക്കാട് ജനങ്ങൾ ശുദ്ധജലമില്ലാതെ വലയുന്നു; വെള്ളം വന്നാലും ഇല്ലെങ്കിലും ബില്ല് വരും; ജലനിധി പദ്ധതി വഴി വരുന്ന ശുദ്ധജലം മലിനമെന്നും പ്രദേശവാസികൾ; പ്രദേശത്തെ ജലക്ഷാമത്തിനു ശാശ്വത പരിഹാരം വേണമെന്നും ജനങ്ങൾ

കോട്ടയം: പനച്ചിക്കാട് പ​ഞ്ചായത്തിലെ 13ാം വാർഡിലെ ജനങ്ങൾ ശുദ്ധജലമില്ലാതെ വലയുന്നു. വെള്ളം വന്നാലും ഇല്ലെങ്കിലും ബില്ല് വരും. ജലനിധി പദ്ധതി വഴി വരുന്ന ശുദ്ധജലം മലിനമെന്നും ഇവർ പറയുന്നു. വെള്ളുതുരുത്തിയിലെ ജല അതോറിറ്റി ടാങ്കിൽ നിന്നാണു പ്രദേശത്തേക്കു ശുദ്ധജലമെത്തുന്നത്. മാസത്തിൽ രണ്ട് തവണ മാത്രമാണു വെള്ളമെത്തുന്നത്.

പക്ഷേ ബില്ല് കൃത്യമായി വരുന്നുണ്ട്. വെള്ളം വരുന്നതിനു മുൻപു പൈപ്പിലുണ്ടാകുന്ന സമ്മർദ്ദം കാരണം മീറ്റർ ഓടുന്നുണ്ടെന്നും ജനം പറയുന്നു. പ്രദേശത്തെ ജലക്ഷാമത്തിനു ശാശ്വത പരിഹാരം വേണമെന്നാണു ജനങ്ങളുടെ ആവശ്യം. പ്ലാന്തോട്ടത്തിൽ ഷിബു നാലു മാസത്തേക്കാണ് 12,000 ലീറ്റർ ശുദ്ധജലം വിലയ്ക്കു വാങ്ങുന്നത്. നാലായിരത്തോളം രൂപ ചെലവാകും.

ടാങ്കറിലെത്തിക്കുന്ന വെള്ളം വീട്ടുവളപ്പിലെ കിണറ്റിലേക്കു പമ്പ് ചെയ്യും. തുടർന്നാണു വീട്ടാവശ്യത്തിനു ഉപയോഗിക്കുന്നത്. അയൽക്കാരായ രണ്ട് കുടുംബം ശുദ്ധജലക്ഷാമം കാരണം വീട് ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്കു മാറിപ്പോയെന്നും ഷിബു പറയുന്നു. കരിമ്പനയ്ക്കൽ മേഴ്സി ജോസഫ് 30 വർഷമായി ശുദ്ധജലം വിലയ്ക്ക് വാങ്ങുകയാണ്.

1000 ലീറ്റർ വീതം ആഴ്ചയിൽ മൂന്ന് തവണ വാങ്ങും. മാർച്ച് ആകുന്നതോടെയാണ് ദുരിതം. വിലയ്ക്കു വാങ്ങാനും കഴിയില്ല. ദൂരെയുള്ള വീട്ടിൽനിന്നു ശുദ്ധജലം ചുമന്നെത്തിക്കണം. ജലക്ഷാമം രൂക്ഷമായതോടെ കാര്യാക്കുളം കെ.വി. ഏബ്രഹാം 12,000 ലീറ്ററിന്റെ മഴവെള്ള സംഭരണി നിർമിച്ചു. വേനലിന്റെ ആരംഭദശയിൽ ഇങ്ങനെ പിടിച്ചു നിൽക്കും. മേൽക്കൂരയിൽ പതിക്കുന്ന വെള്ളം തുള്ളി കളയാതെയാണ് ശേഖരിക്കുന്നത്.

വേനൽ കനക്കുന്നതോടെ 350 രൂപ മുടക്കി ആയിരം ലീറ്റർ വെള്ളം വാങ്ങും. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും വെള്ളം വാങ്ങേണ്ടി വരുമെന്നു കെ.വി. ഏബ്രഹാം പറയുന്നു. നഗരത്തിലും പരിസരങ്ങളിലും ശുദ്ധജലം ലഭിക്കുന്നില്ലെന്നു പരാതി. പാത്തിക്കക്കാവ്, പൊര്യൻമല, ശ്രീനിപുരം, മറ്റന്നൂർക്കര തുടങ്ങിയ മേഖലയിൽ ദിവസങ്ങളായി പൈപ്പ് വെള്ളം ലഭിക്കുന്നില്ലെന്നാണു പരാതി.

സ്വന്തമായി കിണറുകൾ ഇല്ലാത്ത മേഖലകളാണ് ഇത്. ഇവിടെ ഭൂരിഭാഗം പേരും പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. പൈപ്പ് വെള്ളം ലഭിക്കാതെ വന്നതോടെ വില കൊടുത്ത് ടാങ്കറിൽ കൊണ്ടുവരുന്ന വെള്ളം വാങ്ങിയാണ് ഉപയോഗിക്കുന്നത്. എന്നാൽ, ശ്രീനിപുരത്ത് ഒരു മേഖലയിലേക്കുള്ള പൈപ്പ് പൊട്ടിയതുമൂലാണു ശുദ്ധജല ക്ഷാമം ഉണ്ടായതെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

വൈദ്യുതി തടസ്സം ഉണ്ടായതുമൂലവും ഇന്നലെ പമ്പിങ് നടത്താൻ കഴിഞ്ഞില്ല. പൈപ്പ് തകരാറുകൾ പരിഹരിച്ചതായും പൈപ്പ് സ്ഥാപിച്ചിട്ടുള്ള എല്ലാ മേഖലകളിലും ശുദ്ധജലം ലഭ്യമാക്കുമെന്നും അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Exit mobile version