Site icon Malayalam News Live

തട്ടുകടയിലെ തര്‍ക്കത്തിനിടെ മര്‍ദ്ദനം; കോട്ടയത്ത് ഗുരുതര പരിക്കേറ്റ പൊലീസുകാരൻ മരിച്ചു; മർദ്ദനം തട്ടുകടയിലെ ആക്രമണം ചോദ്യം ചെയ്തതിനെ തുടർന്ന്

കോട്ടയം: ഏറ്റുമാനൂരില്‍ ബാറിന് മുന്നിലെ തട്ടുകടയില്‍ ഇന്ന് പുലർച്ചെയുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റ പൊലീസുദ്യോഗസ്ഥൻ മരിച്ചു.

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. കോട്ടയം നീണ്ടൂർ സ്വദേശിയാണ്.

തട്ടുകടയിലുണ്ടായ സംഘർഷത്തില്‍ ശ്യാമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് രണ്ട് മണിയോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ച് മണിയോടെ മരിച്ചു.

തട്ടുകടയില്‍ നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പായിക്കോട് സ്വദേശി ജിബിൻ ജോർജ് (27) എത്തി ആക്രമണം നടത്തുകയായിരുന്നു. ഈ സമയം കടയിലുണ്ടായിരുന്ന ശ്യാം പ്രസാദ് ഇത് ചോദ്യം ചെയ്‌തു. ഇതിനിടെ ജിബിൻ പൊലീസുദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

തുടർന്ന് കുഴഞ്ഞുവീണ ശ്യാമിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തെ തുടർന്ന് ജിബിനൊപ്പം ഉണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ജിബിൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version