Site icon Malayalam News Live

തെരുവുനായ ശല്യം: കോട്ടയം മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ ഷെല്‍ട്ടര്‍ ഒരുക്കും; നിർമാണത്തിന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിനുള്ളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിനായി മെഡിക്കല്‍ കോളജ് ക്യാമ്പസിനുള്ളില്‍ തന്നെ ഷെല്‍ട്ടർ നിർമിക്കാൻ സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ സാന്നിധ്യത്തില്‍ ജനറല്‍ ആശുപത്രി ചേർന്ന യോഗത്തില്‍ ധാരണ.

ഷെല്‍ട്ടർ നിർമാണത്തിന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഈയാഴ്ച തന്നെ പരിശോധന നടത്തി യോഗം ചേർന്ന് ഉടൻ തന്നെ നിർമാണപ്രവർത്തികള്‍ ആരംഭിക്കും.

മെഡിക്കല്‍ കോളജിനുള്ളിലെ തെരുവുനായ്ക്കളെ അതുവരെ താല്‍ക്കാലിക സംവിധാനത്തിലേക്ക് മാറ്റും. നായ്ക്കളുടെ പരിപാലനം ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചുമതലയായിരിക്കും.

മെഡിക്കല്‍ വിദ്യാർഥികള്‍ അടക്കമുള്ളവരെ മെഡിക്കല്‍ കോളജ് ക്യാമ്പസിനുള്ളില്‍ നായ്ക്കള്‍ കടിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേർന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ വർഗീസ് പി. പുന്നൂസ് എന്നിവർ പങ്കെടുത്തു.

Exit mobile version