Site icon Malayalam News Live

ജോലി സമ്മർദ്ദമെന്ന് സൂചന; കോട്ടയത്ത് ഐടി ജീവനക്കാരൻ ഫ്ലാറ്റിൽ നിന്ന് ചാ‌ടി ആത്മഹത്യ ചെയ്തു; മരിക്കുന്നതിന് മുമ്പ് പുലർച്ചെ രണ്ടോടെ അമ്മയ്ക്ക് വീഡിയോ സന്ദേശം അയച്ചിരുന്നുവെന്ന് പൊലീസ്

കോട്ടയം: ഫ്ലാറ്റിൽനിന്നു വീണു യുവാവ് മരിച്ചു. കോട്ടയം കഞ്ഞിക്കുഴി സ്കൈലൈൻ ഹൈ പോയിൻ്റ് 8 ജിയിൽ താമസിക്കുന്ന പത്തനംതിട്ട പുന്നവേലി ചീരമറ്റത്ത് ഈട്ടിക്കൽ സി.തോമസ് ജേക്കബിന്റെയും സിനി ആനി തോമസിൻ്റെയും മകൻ സി.ജേക്കബ് തോമസ് (തോമസുകുട്ടി – 23) ആണു മരിച്ചത്.

മൃതദേഹം നാളെ രാവിലെ 10നു പുന്നവേലി സെൻ്റ് ജയിംസ് സിഎസ്ഐ പള്ളിയിൽ കൊണ്ടുവരും. ശുശ്രൂഷകൾക്കു ശേഷം 11നു സംസ്കാരം. ഇന്നലെ പുലർച്ചെ 4.30നു സുരക്ഷാ ജീവനക്കാരാണു മൃതദേഹം കണ്ടത്. പുലർച്ചെ 3നും 4നും ഇടയിലാകാം ജേക്കബ് വീണതെന്നാണു പൊലീസ് നിഗമനം.

പുലർച്ചെ രണ്ടോടെ അമ്മയ്ക്കു വീഡിയോ സന്ദേശം അയച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഇതിൽ തൊഴിൽ സമ്മർദ്ദം സംബന്ധിച്ചു സൂചനയുണ്ടെന്നാണു വിവരം. കൊച്ചിയിലെ ഒരു ഐടി സ്ഥാപനത്തിൽ മാസങ്ങൾക്കു മുൻപാണു ജോലിയിൽ പ്രവേശിച്ചത്.കോട്ടയം ഈസ്‌റ്റ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

Exit mobile version