Site icon Malayalam News Live

വണ്‍, ടൂ, ത്രീ, എണ്ണി കഴുത്തുമുതല്‍ കാല്‍പാദംവരെ കോമ്പസുകൊണ്ട് കുത്തി; കുത്തിയ സ്ഥലങ്ങളില്‍ നിന്ന് രക്തം പൊടിഞ്ഞപ്പോള്‍ ലോഷൻ പുരട്ടി; സ്വകാര്യഭാഗത്ത് ഒന്നിനുമുകളില്‍ ഒന്നായി ഡമ്പല്‍ അടുക്കി; പീഡനം മൊബൈലില്‍ ചിത്രീകരിച്ചു; ആഴ്‌ചയില്‍ 800 രൂപ വീതം പിരിച്ചു; എന്നിട്ടും ഒന്നുമറിഞ്ഞില്ലെന്ന് അധ്യാപകര്‍; കോട്ടയം നഴ്‌സിങ് കോളേജ് റാഗിംഗ് അന്വേഷണം വ്യാപിപ്പിക്കും

കോട്ടയം: വിവസ്ത്രനാക്കി കൈയുംകാലും കട്ടിലില്‍ കെട്ടിയിട്ടു. ഒന്ന്…രണ്ട്…മൂന്ന്… എണ്ണി കഴുത്തുമുതല്‍ കാല്‍പാദംവരെ ഡിവൈഡറും കോമ്പസും ഉപയോഗിച്ച്‌ കുത്തി.

കുത്തിയ സ്ഥലങ്ങളില്‍ നിന്ന് രക്തം പൊടിഞ്ഞപ്പോള്‍ ലോഷൻ പുരട്ടി. മലർത്തികിടത്തി സ്വകാര്യഭാഗത്ത്, വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്പല്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി. ശരീരമാസകലം ക്രീം പുരട്ടി, മാറില്‍ രണ്ടിടത്തും ക്ലിപ്പ് മുറുക്കി. വിദ്യാർഥി വേദനകൊണ്ട് നിലവിളിച്ചപ്പോള്‍ വായിലേക്കും ലോഷൻ ഒഴിച്ചു.

മനുഷ്യമനഃസാക്ഷി മരവിപ്പിക്കുന്ന ഈ ക്രൂരപീഡനം മറ്റൊരു വിദ്യാർഥി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലില്‍ റാഗിങ്ങിനിരയായ ഒന്നാംവർഷ ജി.എൻ.എം. വിദ്യാർഥികള്‍ അനുഭവിച്ച ക്രൂരപീഡനങ്ങളില്‍ ചിലതാണിത്. പ്രതികളായ വിദ്യാർഥികളുടെ മൊബൈല്‍ ഫോണില്‍നിന്ന് ഇതുസംബന്ധിച്ച വീഡിയോകള്‍ പോലീസ് കണ്ടെത്തി.

ദേഹത്ത് ക്രീം പുരട്ടിയശേഷം ഷേവിങ് റേസർ ഉപയോഗിച്ച്‌ വടിച്ചു. ഈ പീഡനത്തിനിടെ, ബ്ലേഡുകൊണ്ട് മുറിഞ്ഞ് രക്തം വാർന്നൊഴുകുന്ന വീഡിയോയും പോലീസിന് ലഭിച്ചു.

പീഡനത്തിനിരയായ വിദ്യാർഥികളുമൊന്നിച്ച്‌ പ്രതികളായ വിദ്യാർഥികള്‍ മദ്യപിച്ചു. മൊബൈലില്‍ ചിത്രീകരിച്ച ഈ രംഗങ്ങള്‍ അധികൃതരെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാസങ്ങള്‍ക്ക് മുൻപ് പീഡനം തുടങ്ങുന്നത്. രാത്രി 11 മണിയോടെ ജൂനിയർ വിദ്യാർഥികളെ പ്രതികളുടെ മുറിയിലേക്ക് ഫോണില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം.

നിലവിളി പുറത്തേക്ക് കേള്‍ക്കാതിരിക്കാൻ മുറിയില്‍ ഉച്ചത്തില്‍ പാട്ടും വെക്കും. പാട്ടിനൊപ്പം വിദ്യാർഥികളെ നൃത്തംചെയ്യിപ്പിക്കും. കത്തി കഴുത്തില്‍ വെച്ച്‌ ഭീഷണിപ്പെടുത്തുകയുംചെയ്തു.

എല്ലാ ആഴ്ചകളിലും ജൂനിയർ വിദ്യാർഥികള്‍ 800 രൂപവീതം സീനിയർ വിദ്യാർഥികള്‍ക്ക് മദ്യപാനത്തിനായി നല്‍കണമായിരുന്നു. പണമയച്ചതിന്റെ ഗൂഗിള്‍ പേ തെളിവുകള്‍ പോലീസ് ശേഖരിച്ചു. പുറത്തുപോയി സാധനങ്ങള്‍ വാങ്ങണമെങ്കില്‍ സീനിയർ വിദ്യാർഥികളുടെ അനുമതി വാങ്ങണമായിരുന്നു. ഇവർ പറയുന്ന സമയത്ത് പറയുന്ന കടകളില്‍ നിന്ന് മാത്രമേ വാങ്ങാവുള്ളൂ. നിർദേശങ്ങള്‍ ലംഘിച്ചാലും മർദ്ദിക്കും.

പ്രധാനപ്രതിയുടെ സംഘടനാബന്ധം മറയാക്കിയാണ് പീഡനം തുടർന്നത്. ഇയാള്‍ കെ.ജി.എസ്.എൻ.എ.യുടെ ഭാരവാഹിയാണ്. ഇടത് അനുകൂല സംഘടനയാണിത്.

Exit mobile version