Site icon Malayalam News Live

കോട്ടയം ഗവ. നഴ്സിങ് കോളേജിലെ റാഗിങ്ങ്: സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷൻ; പ്രഥമ ദൃഷ്ട്യ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തൽ; 10 ദിവസത്തിനുള്ളിൽ നടപടിയെടുത്ത് റിപ്പോർ‌ട്ട് നൽകണമെന്ന് നിർദേശം

ന്യൂഡൽഹി: കോട്ടയം ഗവ. നഴ്സിങ് കോളേജിലെ റാഗിങ്ങിൽ സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷൻ. 10 ദിവസത്തിനുള്ളിൽ നടപടിയെടുത്ത് റിപ്പോർ‌ട്ട് നൽകണമെന്നാണ് ആവശ്യം.

പ്രഥമ ദൃഷ്ട്യ മനുഷ്യാവകാശ ലംഘനം സംഭവത്തിൽ നടന്നിട്ടുണ്ടെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ. അതേസമയം, സംഭവത്തിൽ ഹോസ്റ്റൽ അധികൃതരുടെ മൊഴികൾ പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അസിസ്റ്റന്റ് വാർഡനെയും ഹൗസ് കീപ്പറെയും വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.

പ്രതികൾ ഹൗസ് കീപ്പറെ ഭീഷണിപ്പെടുത്തിയോ എന്നാണ് പൊലീസ് സംശയം. ഹോസ്റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്തായിരുന്നു റാഗിങ്. ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നിയോഗിച്ച സംഘം കോളേജിലും ഹോസ്റ്റലിലും എത്തി പരിശോധന നടത്തും.

നഴ്സിങ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു. ജില്ലാ പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ഗവ. നഴ്സിങ് കോളേജ് പ്രിൻസിപ്പലും വിശദീകരണം സമർപ്പിക്കണം. കോട്ടയത്ത് നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

Exit mobile version