കോട്ടയം: കോട്ടയം നഗരസഭയിൽ പെൻഷൻ അക്കൗണ്ടിൽ നിന്നു തട്ടിപ്പ് നടത്തി പണം അപഹരിച്ച കേസിൽ വകുപ്പ് തല വിജിലൻസ് സംഘം 4 വർഷത്തെ സാമ്പത്തിക ഇടപാടുകൾ അടങ്ങുന്ന രേഖകൾ പിടിച്ചെടുത്തു. പരിശോധന ഇന്നും തുടരും.
പോലിസിൻ്റെ അന്വേഷണ ചുമതല വെസ്റ്റ് സിഐ കെ.ആർ.പ്രശാന്ത് കുമാറിനു നൽകി. നഗരസഭ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്‌ഥരുടെ മൊഴി രേഖപ്പെടുത്തി. സെക്രട്ടറി നൽകിയതു കൂടാതെ വിശദമായ മറ്റൊരു പരാതി കൂടി ജില്ലാ പോലീസ് മേധാവിക്ക് ഇന്നു നൽകുമെന്നു നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.
വിഷയം രാഷ്ട്രീയ വൽക്കരിച്ച് പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും നഗരസഭാധ്യക്ഷ വ്യക്തമാക്കി. 3 കോടി രൂപയിലേറെ തട്ടിപ്പ് നടത്തിയ നഗരസഭയിലെ മുൻ ഉദ്യോഗസ്ഥനും വൈക്കം നഗരസഭയിലെ ക്ലാർക്കുമായ കൊല്ലം മങ്ങാട് ആൻസി ഭവൻ അഖിൽ സി.വർഗീസിനെ കണ്ടെത്താനു ള്ള ശ്രമം പോലീസ് ഊർജിതമാക്കി.
അഖിലിന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. കൊല്ലം കോർപറേഷനിലെ മുൻജീവനക്കാരായിരുന്നു ഇവർ. മരിച്ചു പോയ അമ്മയുടെ അക്കൗണ്ടിലേക്ക് വൻ തുക അയച്ച് കൃത്രിമം കാട്ടിയതെങ്ങനെയെന്ന് പോലീസ് പ്രത്യേകം അന്വേഷിക്കും.
2020 മുതൽ തട്ടിപ്പ് പുറത്തു വന്ന ദിവസം വരെ വിവിധ സെക്‌ഷൻ കൈകാര്യം ചെയ്ത മുഴുവൻ ഉദ്യോഗസ്ഥരിൽ നിന്നും പോലീസ് മൊഴിയെടുക്കും. ഇതേസമയം സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് 3 മുന്നണികളും ഇന്നലെ സമരം നടത്തി.
അഖിൽ ജോലി ചെയ്‌ത കൊല്ലം, ഈരാറ്റുപേട്ട, കോട്ടയം, വൈക്കം എന്നിവിടങ്ങളിൽ എല്ലാ സ്ഥലത്തും തട്ടിപ്പ് നടത്തി യിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. കോട്ടയത്ത് 3 തലത്തിലാണ് തട്ടിപ്പ് നടത്തിയത്. ഫാമിലി പെൻഷൻ, സർവീസ് പെൻഷൻ, ജീവനക്കാരുടെ വായ്പ തിരിച്ചടവ് എന്നീ സെക്ഷനുകളിലെല്ലാം തിരിമറി കണ്ടെത്തി.
വായ്‌പയെടുത്ത ജീവനക്കാർ മാസം തോറും തിരിച്ചടച്ച തുകയിൽ കൃത്രിമം കാട്ടിയതായി ചില ജീവനക്കാർ വിജിലൻസിനു പരാതി നൽകി. കൊല്ലത്തും ഈരാറ്റുപേട്ടയിലും കെട്ടിട നികുതി ഇനത്തിലാണ് പണം അപഹരിച്ചത്. കൊല്ലത്തെ കേസ് ഒത്തു തീർപ്പാക്കി. ഈരാറ്റുപേട്ടയിലെ കൃത്രിമം വകുപ്പുതല അന്വേഷണത്തിലാണ്. മിനിറ്റ്സ് ബുക്ക് തിരുത്തിയതടക്കം ഇവിടെ പരാതി ഉണ്ടായിരുന്നു.
വൈക്കത്ത് സാമൂഹിക സുരക്ഷ വിഭാഗത്തിലായിരുന്നു ആദ്യ നിയമനം. ഇവിടെ ജോലിയിൽ കൃത്യത കാണിക്കാത്തതിനെ തുടർന്നു ക്യാഷ് കൗണ്ടറിലേക്ക് മാറ്റി. അഖിൽ കൈകാര്യം ചെയ്ത ക്യാഷ് കൗണ്ടറിന്റെ മുഴുവൻ രേഖകളും പരിശോധിക്കാൻ ഉത്തരവായി.
പരിശോധനയ്ക്ക് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന് നഗരസഭ അധികൃതർ കത്ത് നൽകി. 2023 ഒക്ടോബർ മുതൽ അഖിൽ കൈകാര്യം ചെയ്‌ത ഫയലുകൾ പരിശോധിക്കും. വിവിധ സെക്ഷൻ മേധാവികളുടെയും ജീവനക്കാരുടെയും സ്ഥിരം സമിതികളുടെയും യോഗം ചേർന്നു. മിക്ക ദിവസങ്ങളിലും അവധിയായതിനെ തുടർന്നു വ്യാപക പരാതി ഉയർന്നിരുന്നു. മെഡിക്കൽ ലീവിനു അപേക്ഷിച്ചിരുന്ന അഖിൽ വ്യക്ക രോഗത്തിന് ചികിത്സ തേടിയിരുന്ന സർട്ടിഫിക്ക റ്റുകളാണ് ഇതിനായി ഹാജരാക്കിയത്.
ആർഭാട ജീവിതമായിരുന്നു. ചങ്ങനാശേരി നഗരസഭയിലേക്ക് സ്‌ഥലം മാറ്റത്തിനുള്ള ശ്രമത്തിനിടെയാണ് തട്ടിപ്പ് പുറത്താകുന്നത്. വൈക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്ന അഖിൽ കഴിഞ്ഞ ചൊവ്വ ഉച്ചവരെ നഗരസഭ ഓഫീസിൽ ഉണ്ടായിരുന്നു. പിന്നീടാണ് ഒളിവിൽ പോയത്. സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്.
