Site icon Malayalam News Live

ഹൃദയാഘാതം വ്യക്‌തമായിട്ടും ഐ.സി.യുവിലോ എമര്‍ജന്‍സി വാര്‍ഡിലോ പ്രവേശിപ്പിച്ചില്ല; കിടത്തിയത് മെഡിക്കല്‍ വാര്‍ഡിലെ തറയിൽ; ആരോഗ്യസ്ഥിതി മോശമായതറിയിച്ചിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ല; കോട്ടയം മെഡിക്കൽ കോളജില്‍ ചികിത്സ വൈകി ഹൃദ്രോഗി മരിച്ചെന്ന്‌ പരാതി

സ്വന്തം ലേഖിക

കോട്ടയം: മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സ വൈകിയതിനാല്‍ ഹൃദ്രോഗി മരിച്ചെന്നു പരാതി.

അരയന്‍കാവ്‌ പുത്തന്‍പുരയില്‍ പി.പി. ശ്രീവത്സന്റെ(52) മരണം സംബന്ധിച്ച്‌ ഭാര്യ രമ്യാരാജാണ്‌ ആരോഗ്യമന്തിക്കും മെഡിക്കല്‍ കോളജ്‌ സൂപ്രണ്ടിനും പരാതി നല്‍കിയത്‌.
കഴിഞ്ഞമാസം 26-ന്‌ മറ്റൊരു ആശുപത്രിയില്‍നിന്നു റഫര്‍ ചെയ്‌തതിനേത്തുടര്‍ന്നാണു ശ്രീവത്സനെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

ഇ.സി.ജി. പരിശോധനയില്‍ ഹൃദയാഘാതം വ്യക്‌തമായിട്ടും ഐ.സി.യുവിലോ എമര്‍ജന്‍സി വാര്‍ഡിലോ പ്രവേശിപ്പിച്ചില്ല. മെഡിക്കല്‍ വാര്‍ഡ്‌ 6-ല്‍ തറയിലാണു കിടത്തിയതെന്നും പരാതിയില്‍ പറയുന്നു.

അവസ്‌ഥ മോശമാണെന്നു പലതവണ പറഞ്ഞതോടെ കാര്‍ഡിയോളജി വിഭാഗത്തില്‍ പരിശോധനയ്‌ക്കു കൊണ്ടുപോയി. ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്നും ഐസിയുവിലേക്ക് മാറ്റണമെന്നും അതിനാല്‍ ഡോക്‌ടര്‍ അറിയിച്ചു.

എന്നാല്‍, അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ന്യുമോണിയ ഇല്ലെന്നും വാര്‍ഡില്‍ത്തന്നെ കിടന്നാല്‍ മതിയെന്നും ഡോക്‌ടര്‍ നിര്‍ദേശിച്ചു.
പിറ്റേന്നു വൈകിട്ട്‌ ആരോഗ്യസ്‌ഥിതി വഷളായി. ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും വിവരമറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല.

28-നു രാവിലെ ശ്വാസതടസമുള്ള വിവരം ഡോക്‌ടര്‍മാരെ അറിയിച്ചിട്ടും രാത്രി ഒന്‍പതോടെയാണു വാര്‍ഡിലെ കിടക്കയിലേക്കു മാറ്റി ഓക്‌സിജന്‍ നല്‍കിത്തുടങ്ങിയത്‌. പിന്നീട്‌ എമര്‍ജന്‍സി റൂമിലേക്കു മാറ്റി. അല്‍പ്പസമയത്തിനകം മരണവിവരം ഡോക്‌ടര്‍ അറിയിച്ചു. മരപ്പണിക്കാരനായിരുന്ന ഭര്‍ത്താവിന്റെ മരണത്തോടെ താനും രണ്ട്‌ മക്കളുമടങ്ങിയ കുടുംബം അനാഥമായെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Exit mobile version