Site icon Malayalam News Live

രോഗികള്‍ക്കും സന്ദർശകർക്കും ഇതി സുരക്ഷിതമായി റോഡ് കുറുകെ കടക്കാം; കോട്ടയം മെഡിക്കല്‍ കോളജ് അടിപ്പാത നിര്‍മ്മാണം പൂര്‍ത്തിയായി; വ്യാഴാഴ്ച തുറന്നുകൊടുക്കും

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗികള്‍ക്കും സന്ദർശകർക്കും അപകടരഹിതമായി റോഡ് കുറുകെ കടക്കുന്നതിനായി 1.30 കോടി രൂപ ചെലവിട്ടു പൊതുമരാമത്ത് വകുപ്പു നിർമിച്ച അടിപ്പാത വ്യാഴാഴ്ച (ഒക്‌ടോബർ 17)തുറന്നു കൊടുക്കും.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയില്‍ ഉള്‍പ്പെടുത്തി പൂർത്തിയാക്കിയ പദ്ധതി രാവിലെ 10 മണിക്കു മെഡിക്കല്‍ കോളജ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. ഏറ്റുമാനൂർ മണ്ഡലവികസനവുമായി ബന്ധപ്പെട്ടു നടന്ന ആദ്യ ശില്‍പശാലയില്‍ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് മെഡിക്കല്‍ കോളജിലേക്ക് സുരക്ഷിതമായി കടക്കാൻ അടിപ്പാത എന്ന ആശയം മുന്നോട്ടുവച്ചത്.

തുടർന്നു 2023-24 വർഷത്തെ സംസ്ഥാന ബജറ്റില്‍ 129.80 ലക്ഷം രൂപ അടിപ്പാത നിർമാണത്തിനായി വകയിരുത്തി. ആറുമാസം കൊണ്ടാണു നിർമാണം പൂർത്തിയാക്കിയത്. അഞ്ചുവർഷമാണ് പരിപാലന കാലാവധി.

അടിപ്പാതയ്ക്കു 18 മീറ്റർ നീളവും, അഞ്ചു മീറ്റർ വീതിയും 3.5 മീറ്റർ ഉയരവുമുണ്ട്. പടികളോട് കൂടിയ ആഗമന ബഹിർഗമന പാതകളും ക്രമീകരിച്ചിരിക്കുന്നു. ഇതോടൊപ്പം പൂർണമായ നീളത്തില്‍ ആധുനിക രീതിയിലുള്ള അലങ്കാരവും വൈദ്യുതീകരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആർപ്പൂക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍ നിന്നാരംഭിക്കുന്ന നടപ്പാതയില്‍കൂടി ആഗമന കവാടം വഴി ഭൂഗർഭ പാതയില്‍ പ്രവേശിച്ച്‌ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിലേക്ക് എത്താം.

Exit mobile version