Site icon Malayalam News Live

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി

കോട്ടയം: കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി.

കൂരോപ്പട ളാക്കാട്ടൂർ തോട്ടപ്പള്ളി ഭാഗത്ത് കല്ലുതറ വീട്ടിൽ ആരോമൽ എന്ന് വിളിക്കുന്ന ഉണ്ണിക്കുട്ടൻ (23), കോട്ടയം മുട്ടമ്പലം കുന്നുകുഴി ഭാഗത്ത് കോഴിമല വീട്ടിൽ ( വടവാതൂർ ചെമ്പോല ഭാഗത്ത് ഇപ്പോൾ താമസം ) രതീഷ് എന്ന് വിളിക്കുന്ന ജിജിൻ ഫിലിപ്പ് (26) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉണ്ണിക്കുട്ടനെ ഒന്‍പതു മാസത്തേക്കും, ജിജിൻ ഫിലിപ്പിനെ ആറുമാസ കാലയളവിലേക്കുമാണ് നാടുകടത്തിയത്.

ഉണ്ണിക്കുട്ടന് പാമ്പാടി, മണർകാട് എന്നീ സ്റ്റേഷനുകളിലായി അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം തുടങ്ങി നിരവധി കേസുകളും, ജിജിൻ ഫിലിപ്പിന് കോട്ടയം വെസ്റ്റ്, മണർകാട് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളും നിലവിലുണ്ട്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Exit mobile version