Site icon Malayalam News Live

പതിനെട്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട അറ്റകുറ്റപ്പണി നാലു മാസം കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല; കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലെ ഏക ഓപ്പറേഷന്‍ തിയറ്റര്‍ അടഞ്ഞു കിടക്കുന്നു; അറ്റകുറ്റപണി പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കുമെന്ന് അധികൃതര്‍

കോട്ടയം: പതിനെട്ടു ദിവസങ്ങള്‍ കൊണ്ടു അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നു പറഞ്ഞു അടച്ചിട്ട ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്റര്‍ നാലു മാസം കഴിഞ്ഞിട്ടും തുറന്നില്ല.

അടഞ്ഞു കിടക്കുന്നത് ജില്ലാ ആശുപത്രിയിലെ ഏക ഓപ്പറേഷന്‍ തിയറ്റര്‍. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

നിലവില്‍ ജനറല്‍ ആശുപത്രിയില്‍ വരുന്ന മേജര്‍ ശസ്ത്രക്രിയകള്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യും. മൈനര്‍ ശസ്ത്രക്രിയകള്‍ക്കായി ആശുപത്രിയിലെ എഫ്.എന്‍.എ.എ.സി. പരിശോധന നടത്തുന്ന മുറിയും അനുബന്ധമായുള്ള യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്.

നേരത്തെ നേത്ര ശസ്ത്രക്രിയ തിയറ്റര്‍ ബദല്‍ സൗകര്യമൊരുക്കാതെ പൊളിച്ചുമാറ്റിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. പകരം സൗകര്യം ഒരുക്കി നേത്ര ശസ്ത്രക്രിയ തിയറ്റര്‍ തുറന്നത് അടുത്തിടെയാണ്.

അറ്റകുറ്റപ്പണികള്‍ക്കു വേഗം പോരെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. നിലവില്‍ നിലത്ത് ടൈല്‍ പാകുന്ന ജോലികള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇനി ഇലക്‌ട്രിക്കല്‍ ജോലികള്‍ അവശേഷിക്കുകയാണ്. അതു കഴിഞ്ഞ് അണുവിമുക്തമാണെന്ന് പരിശോധന നടത്തി ഉറപ്പാക്കിയ ശേഷമേ തിയറ്റര്‍ തുറക്കാനാവൂ.

ഇലക്‌ട്രിക്കല്‍, സിവില്‍ വര്‍ക്കുകള്‍ നടത്താനാണ് മാര്‍ച്ച്‌ 18ന് ആശുപത്രിയിലെ തിയറ്റര്‍ പൂട്ടിയത്.
തിയറ്ററിലെ വയറിങ്ങും പാനലുകളും മാറ്റണം. വയറിങ്ങിന് വലിയ രീതിയിലുള്ള തകരാറുകളുണ്ട്. ഷോക്കടിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഉടന്‍ പണി ചെയ്യാന്‍ തീരുമാനിച്ചത്.
ഇതിനായി പൊതുമരാമത്ത് ഇലകട്രിക്കല്‍ വിഭാഗം അധികൃതര്‍ പരിശോധന നടത്തി എട്ടുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നല്‍കിയിരുന്നു.

Exit mobile version