കോട്ടയം: ജില്ലയില്‍ പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ നടത്തിയിട്ടും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് നിയന്ത്രിക്കാനാകുന്നില്ല.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പനി ബാധിതരാല്‍ നിറയുകയാണ്.
ഈ മാസം ഇന്നലെ വരെ 63 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മൂന്നൂറോളം പേര്‍ ഡെങ്കിപ്പനി സംശയിച്ചും ചികിത്സ തേടി. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു മാത്രമുള്ള കണക്കാണിത്.
കോട്ടയത്തെ മൂന്നു പ്രമുഖ ആശുപത്രികളില്‍ മാത്രം നൂറിലേറെ പേര്‍ക്ക് ഇക്കാലയളവില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായാണു വിവരം. മുളക്കുളം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍, എരുമേലി, ഞീഴൂര്‍, കുറവിലങ്ങാട്, എലിക്കുളം, നീണ്ടൂര്‍, കടുത്തുരുത്തി, നെടുംകുന്നം തുടങ്ങിയ ഭാഗങ്ങളിലാണു ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.
ഏഴായിരത്തോളം പേര്‍ ഇക്കാലയളവില്‍ പനി ബാധിതരായി സര്‍ക്കാര്‍ ആശുപത്രികളിലെത്തി. 122 പേരെ കിടത്തിചികിത്സിച്ചു. എലിപ്പനിയും വ്യാപകമാകുന്നുണ്ട്. ആറു പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്.
പനി വന്നാല്‍ വിദഗ്ധ ചികിത്സ തേടുക. പനിക്കൊപ്പം തുടര്‍ച്ചയായ ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടല്‍, ശരീരം ചുവന്നു തടിക്കല്‍, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ,വലിയ തോതിലുള്ള തളര്‍ച്ച, ശ്വസിക്കാന്‍ പ്രയാസം, രക്ത സമ്മര്‍ദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളില്‍ തുര്‍ച്ചയായ കരച്ചില്‍ എന്നിവ കണ്ടാല്‍ അതീവ ശ്രദ്ധയും അടിയന്തിര ചികിത്സയും വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
രോഗബാധിതര്‍ സമ്പൂര്‍ണ വിശ്രമം എടുക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി ശ്രദ്ധിക്കണം.
