Site icon Malayalam News Live

കോട്ടയത്തു നിന്ന് മൂന്നു മാസത്തിനിടെ കാണാതായ 30 മൊബൈൽ ഫോണുകൾ ജില്ലാ സൈബർ സെൽ കണ്ടെത്തി; ഫോണുകൾ ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് ഉടമകൾക്കു കൈമാറി

കോട്ടയം: മൂന്നു മാസത്തിനിടെ ജില്ലയിൽനിന്നു കാണാതായ 30 മൊബൈൽ ഫോണുകൾ ജില്ലാ സൈബർ സെൽ കണ്ടെത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യാത്രക്കിടയിലും മറ്റും ഫോൺ മറന്നുവച്ചവരാണു 30 പേരും. ഫോൺ നഷ്ടപ്പെട്ടവർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു.

കേന്ദ്ര സർക്കാരിന്റെ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി പോർട്ടലിൽ ഫോൺ ഉടമകളെക്കൊണ്ടു ജില്ലാ സൈബർ പൊലീസ് ഫോണിന്റെ വിവരങ്ങളും സ്റ്റേഷനിൽ നൽകിയ പരാതിയുടെ രസീതും ചേർത്തു റജിസ്റ്റർ ചെയ്തു.

പോർട്ടലിൽ റജിസ്റ്റർ ചെയ്താൽ കാണാതായ ഫോണിൽ പുതിയ സിമ്മിട്ട് ഉപയോഗിമ്പോൾ പരാതി അന്വേഷിക്കുന്ന സ്റ്റേഷനിലേക്കു വിവരം ലഭിക്കും. കാണാതായ ഫോൺ കൈവശപ്പെടുത്തിയവർ പുതിയ സിമ്മിട്ട് ഉപയോഗിക്കാൻ ശ്രമിച്ചു. ഇതു പൊലീസ് കണ്ടെത്തി. ഫോണുകളിലിട്ട സിം കാർഡ് നമ്പർ പൊലീസിനു സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി പോർട്ടലിൽ നിന്നാണു ലഭിച്ചത്.

സിം കാർഡ് ഉടമകളെ പൊലീസ് വിളിച്ചു വരുത്തി 30 ഫോണുകളും കണ്ടെത്തി. ഫോണുകൾ ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് ഉടമകൾക്കു കൈമാറി. ഡിസിആർബി ഡിവൈഎസ്‌പി സാജു വർഗീസ്, സൈബർ സെൽ എസ്എച്ച്ഒ വി.ആർ. ജഗദീഷ്, ഉദ്യോഗസ്ഥരായ സന്തോഷ്, ഷൈൻ എന്നിവരടങ്ങിയ സംഘമാണു ഫോണുകൾ കണ്ടെത്തിയത്.

ഫോൺ നഷ്ടപ്പെട്ടാൽ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടണം. സൈബർ സെൽ ലൊക്കേഷൻ കണ്ടെത്തി പ്രാഥമിക പരിശോധന നടത്തും. കൂടാതെ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്ററെന്ന പോർട്ടലിൽ ഫോൺ നഷ്ടപ്പെട്ടയാൾ റജിസ്റ്റർ ചെയ്യണം. നഷ്ടപ്പെട്ട ഫോൺ ആരെങ്കിലും ഉപയോഗിക്കാൻ ശ്രമിച്ചാൽ ഉപഭോക്താവിനും പൊലീസിനും സന്ദേശം ലഭിക്കും. റജിസ്റ്റർ ചെയ്യാനുള്ള വെബ്‌വിലാസം: https://www.ceir.gov.in, https://sancharsaathi.gov.in.

Exit mobile version