Site icon Malayalam News Live

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി.

ചങ്ങനാശ്ശേരി കപ്പിത്താൻ പടി ഭാഗത്ത് തൊട്ടു പറമ്പിൽ വീട്ടിൽ കുക്കു എന്ന് വിളിക്കുന്ന അഫ്സൽ സിയാദ് (21), ചങ്ങനാശ്ശേരി ഹിദായത്ത് നഗർ ഭാഗത്ത് നടുതലമുറിപ്പറമ്പിൽ വീട്ടിൽ ബിലാൽ മജീദ് (22) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്.

ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഫ്സൽ സിയാദിനെ ആറു മാസത്തേക്കും, ബിലാൽ മജീദിനെ ഒരു വര്‍ഷത്തേക്കുമാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്.

അഫ്സൽ സിയാദിന് ചിങ്ങവനം, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, കവർച്ച, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ ക്രിമിനൽ കേസുകളും, ബിലാൽ മജീദിന് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, കവർച്ച, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.

Exit mobile version