കോട്ടയം: നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 211 കോടി രൂപ കാണാതായ വിവാദത്തിന് പിന്നാലെ, പെൻഷൻ തട്ടിപ്പ് കേസില്‍ വീഴ്ച്ച വരുത്തിയ സെക്രട്ടറിയടക്കം നാലു ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്.
സെക്രട്ടറി ബി.അനില്‍കുമാർ, പി.എ.ടു സെക്രട്ടറി ഫില്ലിസ് ഫെലിക്‌സ്, സൂപ്രണ്ട് എസ്.കെ ശ്യാം, അൗണ്ടന്റ് സീനീയർ ക്ലർക്ക് വി.ജി സന്തോഷ് കുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് നിർദേശം.
വീഴ്ച്ചവരുത്തിയെന്ന് കണ്ടെത്തി സെക്രട്ടറി ഒഴികയുള്ളവരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇടതു സർവീസ് സംഘടനയുടെ ഭാഗമായ സെക്രട്ടറി അനില്‍കുമാറിനെതിരെ നടപടിയുണ്ടായിരുന്നില്ല.
പെൻഷൻ ഫണ്ടില്‍ തിരിമറി നടത്തി, മുൻ ക്ലർക്ക് അഖില്‍ സി.വർഗീസ് 2.39 കോടി തട്ടിയെടുത്ത സംഭവത്തിലാണ് തദ്ദേശ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ വ്യക്തിപരമായി പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുള്ളതാണെന്ന് തുകയ്ക്കുള്ള ചെക്ക് ട്രഷറിയിലേക്ക് നല്‍കുന്നതിനൊപ്പം സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
അക്കൗണ്ടുകള്‍ പരിശോധിക്കാതെയാണ് സാക്ഷ്യപത്രം നല്‍കിയത്. മേല്‍നോട്ടത്തിലും വീഴ്ചയുണ്ടായതായി റിപ്പോർട്ടില്‍ ചുണ്ടിക്കാട്ടുന്നു. സർവീസ് പെൻഷൻ,കുടുംബ പെൻഷൻ നല്‍കുന്നവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രജിസ്റ്റർ നഗരസഭയിലില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
