Site icon Malayalam News Live

കോട്ടയം ഗാന്ധിനഗർ നഴ്സിങ് കോളേജിൽ റാഗിങ്ങുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്കെതിരെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയതിലും കേസ്; റാഗിങ് ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു

കോട്ടയം: ഗാന്ധിനഗർ നഴ്സിങ് കോളേജിൽ റാഗിങ്ങുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾ ഒന്നാം വർഷ വിദ്യാർത്ഥികളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയതിലും കേസ്. ഇടുക്കി ഏലപ്പാറ സ്വദേശിയായ ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്.

റാഗിങ് ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. മാസങ്ങളോളം സീനിയർ വിദ്യാർത്ഥികൾ ഇത് തുടർന്നുവെന്നാണ് വിവരം. റാഗിങ് നടത്തിയ 5 സീനിയർ വിദ്യാർത്ഥികളുടെ അറസ്റ്റ് പൊലീസ് ഇന്ന് പുലർച്ചെയോടെയാണ് രേഖപ്പെടുത്തിയത്. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോളജിൽ‌ നിന്നും സസ്പെൻഡ് ചെയ്തു.

ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരാതിയിലാണ് മൂന്നാം വർഷ വിദ്യാർത്ഥികളായ 5 പേരെ പൊലീസ് പിടികൂടിയത്. 3 മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ വിദ്യാർത്ഥികൾ പരാതി നൽകിയതോടെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ നവംബർ മുതൽ റാഗിങ്ങിന് ഇരയായെന്നാണ് പരാതി. വിദ്യാർത്ഥികളെ നഗ്നരാക്കി നിർത്തിയതായും വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് ക്രൂരത കാട്ടിയതായും പരാതിയിൽ പറയുന്നു. കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപിക്കുകയും മുറിവിൽ ലോഷൻ തേക്കുകയും ചെയ്തതു.

ഇതു കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. ഞായറാഴ്ചകളിൽ കുട്ടികളിൽ നിന്ന് പണം പിരിച്ച് സീനിയർ വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയർ വിദ്യാർത്ഥികളെ മർദ്ദിച്ചിരുന്നതായും പരാതിയിൽ പറയുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

 

Exit mobile version