Site icon Malayalam News Live

കോട്ടയത്ത് ആശങ്ക തുടരുന്നു; താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം

കോട്ടയം: കോട്ടയത്ത് താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു.

പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡില്‍ എട്ട്യാകരി പാടശേഖരത്തില്‍ വളർത്തിയിരുന്ന താറാവുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
പുത്തൻപുരയില്‍ ഔസേപ്പ് മാത്യു എന്നയാള്‍ വളർത്തിയ താറാവുകളില്‍ ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ ബി വിഘ്നേശ്വരി അറിയിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് എച്ച്‌5 എന്‍1 സ്ഥിരീകരിച്ചത്. 18,000 താറാവുകളെയാണ് വളര്‍ത്തിയിരുന്നത്. അഞ്ചരമാസം പ്രായമുള്ളവയാണ്.

രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കും. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടി സ്വീകരിക്കും.

മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകര്‍മസംഘമാണ് പക്ഷികളെ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ 2021-ലെ നിര്‍ദേശങ്ങള്‍ പ്രകാരമാണ് സംസ്‌കരണനടപടി.

Exit mobile version