Site icon Malayalam News Live

എം.സി റോഡില്‍ നാഗമ്പടം പാലത്തിൽ വാഹനാപകടം; ഓട്ടോറിക്ഷ തട്ടി റോഡില്‍ വീണ ബൈക്ക് യാത്രക്കാരന്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി; അപകടത്തില്‍പ്പെട്ടത് കോട്ടയം ഏറ്റുമാനൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ജീസണ്‍ ബസ്

കോട്ടയം: ഓട്ടോറിക്ഷ തട്ടി റോഡില്‍ വീണ ബൈക്ക് യാത്രക്കാരന്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി.

കുമാരനല്ലൂർ വാരിശ്ശേരി സുരേഷ് ഷേണായി (37) നാണ് പരിക്കേറ്റത്. എം.സി റോഡില്‍ നാഗമ്പടം പാലത്തിലായിരുന്നു അപകടം.

കോട്ടയം ഏറ്റുമാനൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ജീസണ്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ ബൈക്കിനെ എതിർദിശയില്‍ നിന്നും ഓട്ടോറിക്ഷ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിന്റെ അടിയിലേയ്ക്ക് വീണു.

ബസിനടിയില്‍ അകപ്പെട്ട ബൈക്ക് മീറ്ററുകളോളം വലിച്ചിഴച്ചു. ബസിന്റെ മുന്നിലായി പോകുകയായിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.

യാത്രക്കാരന്റെ കാലിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നെന്നാരോപിച്ച്‌ നാട്ടുകാരും പ്രതിഷേധിച്ചു. അപകടത്തെതുടർന്ന് എം.സി റോഡില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പൊലീസെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Exit mobile version