Site icon Malayalam News Live

കൈവിരലുകള്‍ ഇല്ലാത്തതിനാല്‍ ആധാര്‍ ലഭിക്കാതിരുന്ന ഭിന്നശേഷിക്കാരി ജോസിമോള്‍ക്ക് ആധാര്‍ ലഭിച്ചു ;ജില്ലാ കളക്ടര്‍ വി.വിഗ്‌നേശ്വരിയുടെ ഇടപെടലിലാണ് ആധാര്‍ ലഭിക്കുന്നതിന് വഴിയൊരുങ്ങിയത്.

 

കോട്ടയം : ജില്ലാ കളക്ടറുടെ ഇടപെടല്‍ മൂലം ജോസിമോള്‍ക്ക് ആധാർ ലഭിച്ചു. കോട്ടയം കുമരകം ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിലെ താമസക്കാരിയാണ് നാല്‍പ്പത്തിമൂന്നുകാരിയായ ജോസിമോള്‍.

അപൂര്‍വ രോഗംബാധിച്ച ജോസിമോള്‍ക്ക് രണ്ട് കൈകളിലും കാലുകളിലും വിരലുകള്‍ ഭാഗികമാണ്. സ്വയംതിരിഞ്ഞ് കിടക്കുന്നതിനു പോലും കഴിയാത്ത അവസ്ഥയിലാണ്. കൈവിരലുകളിലെ അടയാളം ലഭിക്കാത്തതും കണ്ണിലെ ഐറിസ് വ്യക്തമായി ലഭിക്കാത്തതും ആധാര്‍ കാര്‍ഡ് ലഭിക്കുന്നതില്‍ വിനയാവുകയായിരുന്നു. ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള നിരവധി ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും റേഷൻ കാര്‍ഡില്‍ നിന്നുള്‍പ്പെടെ പേര് നഷ്ടപ്പെടുകയും ചെയ്തു. ഇത് മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ജില്ലാ കളക്ടര്‍ ഇടപെട്ടത്.

കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ അക്ഷയ ഓഫീസും ഐ.ടി മിഷനും ചേര്‍ന്ന് സംസ്ഥാന യു.ഐ.ഡി.ഐ. ഡയറക്ടറെ സമീപിച്ച്‌് നടപടി സ്വീകരിച്ചത്. ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക കേസായി പരിഗണിച്ച്‌ ആധാര്‍ ജനറേറ്റ് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുകയായിരുന്നു.

അസല്‍ ആധാര്‍ ദിവസങ്ങള്‍ക്കകം ജോസിമോളുടെ വീട്ടിലെത്തും. കോട്ടയം കളക്ടറേറ്റിന് സമീപമുള്ള അക്ഷയ ജീവനക്കാരാണ് ജോസിമോളുടെ വീട്ടിലെത്തി ആധാര്‍ എടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചത്.

 

 

Exit mobile version