കോട്ടയം: തങ്ങളുടെ കുടുക്ക സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനായി കുരുന്നുകള്‍ കളക്‌ടറെ കാണാനെത്തി.
ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സഹോദരങ്ങളുമായ ഇക്ഷിത്ത് വിഷ്‌ണുവും ഇഷാന്‍ വിഷ്‌ണുവും കുമരകം എസ്.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ശ്രീലക്ഷ്‌മി ജ്യോതിലാലുമാണു കളക്‌ടര്‍ ജോണ്‍ വി. സാമുവലിനു കുടുക്ക സമ്പാദ്യം കൈമാറിയത്.
അമ്മ സുരഭിക്കൊപ്പമാണു പരുത്തുംപാറ സ്വദേശികളായ സഹോദരങ്ങള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഇഷിത്തും ഇളയസഹോദരന്‍ യു.കെ.ജി. വിദ്യാര്‍ത്ഥി ഇഷാനും കളക്‌ടറേറ്റില്‍ എത്തിയത്. ആകെ 1,798 രൂപയാണു കുടുക്കയിലുണ്ടായിരുന്നത്.
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ആളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കുന്ന സോഷ്യൽമീഡിയ റീലുകളില്‍ കണ്ടതിനെ തുടര്‍ന്നാണ് സഹോദരങ്ങള്‍ തങ്ങളുടെ കുടുക്ക സമ്പാദ്യവും ദുരിതാശ്വാസനിധിയിലേക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടതെന്ന് അമ്മ സുരഭി പറയുന്നു.
എസ്.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണു ശ്രീലക്ഷ്‌മി. കുമരകം കണ്ണാടിച്ചാലിലാണ് താമസം. വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരനായ പിതാവ് ജ്യോതിലാലിനും അമ്മ ഗീതുവിനും ഇളയ സഹോദരി മിഥിലയ്‌ക്കും ഒപ്പം എത്തിയാണു കുടുക്ക കൈമാറിയത്.
2,698 രൂപയാണ് ശ്രീക്ഷ്‌മിയുടെ കുടുക്കയിലുണ്ടായിരുന്നത്. രണ്ടുകൂട്ടര്‍ക്കുമുള്ള രസീതും ജില്ലാ കളക്‌ടര്‍ കൈമാറി. എ.ഡി.എം. ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു. ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപയും കോട്ടയം നഗരസഭ 50 ലക്ഷം രൂപയും നല്‍കും.
ദുരിതാശ്വാസ നിധിയിലേക്കു ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി 50,000 രൂപയും മുളക്കുളം പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപയും പൊതുമരാമത്ത് കെട്ടിടവിഭാഗം ജീവനക്കാരനായി വിരമിച്ച കിളിരൂര്‍ സ്വദേശി വിജയകുമാര്‍ ഒരുമാസത്തെ പെന്‍ഷന്‍ തുകയും നല്‍കി.
