തൃശൂർ: ആന പ്രേമികളെ പിടിച്ചിരുത്തുന്ന സൗന്ദര്യം, കാഴ്ചയില്‍ ലക്ഷണമൊത്ത തലയെടുപ്പ്, വിരിഞ്ഞ മസ്തകം കാഴ്ചയില്‍ സുന്ദരനായ ഒരു ഗജരാജൻ.
‘കോമ്പാറ കണ്ണന്റെ’ ആനച്ചന്തം കാണേണ്ടത് തന്നെയാണ്. എന്നാല്‍, ഇവന് ചില പ്രത്യേകതകളുണ്ട്. പാപ്പാനെ അനുസരിക്കാതെ ഇരിക്കില്ല. ഇടഞ്ഞ് ഓടി നാശം വരുത്തില്ല. ആരേയും കൊമ്പില്‍ കോര്‍ക്കില്ല. പിന്നെ ഭക്ഷണവും വെള്ളവും വേണ്ട.
അതെന്താണ് ഇങ്ങനെ എന്ന് ആലോചിക്കേണ്ട. ഇവനാണ് കോമ്പാറ കണ്ണൻ എന്ന റോബോട്ടിക് ആന.
ഒറിജിനല്‍ ഗജവീരന്മാരെ വെല്ലുന്ന അഴകാണ് കോമ്പാറ കണ്ണന്. വിടര്‍ന്ന ചെവികള്‍, പതിനെട്ടു നഖങ്ങള്‍, നീണ്ടരോമങ്ങള്‍ നിറഞ്ഞ വാല്‍. ലക്ഷണമൊത്ത ഈ ഗജവീരന് ഉയരം പത്തര അടി, തൂക്കം എണ്ണൂറ് കിലോ, നാലുപേരെ പുറത്തേറ്റും. കണ്ടാല്‍ ജീവനുള്ളതെന്ന് തോന്നിപ്പിക്കും.
ഇരിങ്ങാലക്കുട കോമ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പ് ആവശ്യങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ചതാണ് ഈ റോബോട്ടിക് ആനയെ. പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് ഇന്ത്യ (പെറ്റ) സംഘടനയും സിത്താറിസ്റ്റ് അനുഷ്‌ക ശങ്കറും ചേര്‍ന്നാണ് കോമ്പാറ കണ്ണനെ സമര്‍പ്പിച്ചത്.
കോമ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഇനി മുതല്‍ ഉത്സവ എഴുന്നെള്ളിപ്പിന് കോലം കയറ്റുന്നത് കോമ്പാറ കണ്ണന്‍ ആയിരിക്കും. കാവനാട്മനയുടെ കീഴില്‍ വരുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ 2015 വരെ ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആനയെ ഒഴിവാക്കി തേര് തയാറാക്കിയാണ് എഴുന്നള്ളിപ്പ് നടത്തിയത്.
ക്ഷേത്രത്തിലെ സ്ഥല പരിമിതിയും ആന ഏക്കം, ചമയം, മറ്റു സാമ്ബത്തിക ചെലവുകളും ആന വിരണ്ടോടി ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഒഴിവാക്കാനാണ് ആന എഴുന്നള്ളിപ്പ് വേണ്ട എന്ന തീരുമാനം എടുത്തത്.
