Site icon Malayalam News Live

കൊല്ലത്ത് മകൻ്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ പോലീസിൽ പരാതിപ്പെട്ടു; വൈരാഗ്യത്തിൽ അച്ഛനെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

കൊല്ലം:മകന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ പോലീസിൽ പരാതിപെട്ടതിന് അച്ഛനെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.ഇരവിപുരം, തെക്കേവിള സ്നേഹ നഗർ-163, വെളിയില്‍വീട്ടില്‍ സത്യബാബു(73)വിനെ കഴുത്തുഞെരിച്ചു കൊന്നെന്ന കേസിലാണ് മകനായ രാഹുല്‍ സത്യനെ (36) ശിക്ഷിച്ചുകൊണ്ട് ഉത്തരവായത്.കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ.വിനോദാണ് ശിക്ഷ വിധിച്ചത്.

2022 ഡിസംബർ 21-നാണ് കേസിനാസ്പദമായ സംഭവം. പ്രതി രാഹുലും അമ്മയായ രമണിയും കൊല്ലപ്പെട്ട സത്യനുമായി കുടുംബവീട്ടില്‍ താമസിക്കുകയായിരുന്നു. പ്രതി മാതാപിതാക്കളുടെ കൈയില്‍നിന്നും ബലമായി പണംവാങ്ങി മദ്യപിക്കുക പതിവായിരുന്നു. രാഹുലിന്റെ ഉപദ്രവം സഹിക്കാൻ വയ്യാത്തതിനെത്തുടർന്ന് ഇയാള്‍ക്കെതിരേ പോലീസില്‍ പരാതിപ്പെട്ടശേഷം തിരിച്ചു വീട്ടില്‍വന്ന്, ആഹാരം കഴിക്കുകയായിരുന്ന അച്ഛനെയും അമ്മയെയും പ്രതി ആക്രമിക്കുകയായിരുന്നു.

സത്യബാബുവിനെ കഴുത്തില്‍ കുത്തിപ്പിടിച്ച്‌ ശ്വാസംമുട്ടിക്കുകയും വടിയെടുത്ത് തലയ്ക്കടിക്കുകയും ചെയ്തു. പരിക്കേറ്റതിനെ തുടർന്ന് വീട്ടില്‍നിന്നിറങ്ങിയ സത്യബാബു വഴിയില്‍ കുഴഞ്ഞുവീണ് മരിച്ചെന്നാണ് കേസ്. പരിക്കേറ്റ അമ്മ രമണിയെയടക്കം 15 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.

പ്രതിക്ക് മാനസിക രോഗമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളിക്കളയുകയും ചെയ്തു. രമണിക്ക് ഉചിതമായ നഷ്ടപരിഹാരം കൊടുക്കാൻ ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിക്ക് ഉത്തരവില്‍ നിർദേശം നല്‍കി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കല്‍, അഡ്വ. ചേതന ടി.കർമ എന്നിവർ ഹാജരായി. ഇരവിപുരം പോലീസ് ഇൻസ്പെക്ടറായിരുന്ന പി.അജിത്കുമാറാണ് കേസന്വേഷിച്ച്‌ കുറ്റപത്രം ഹാജരാക്കിയത്. എ.എസ്.ഐ. മഞ്ജുഷ പ്രോസിക്യൂഷൻ സഹായിയായി.

Exit mobile version