Site icon Malayalam News Live

കൊല്ലത്ത് പരിശോധനയ്ക്കിടെ പൊലീസുകാരെ ബൈക്ക് ഇടിച്ചു വീഴ്ത്തി ആക്രമണം; പ്രതികള്‍ പിടിയില്‍

കൊല്ലം : പോലീസ് പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥരെ ബൈക്ക് ഇടിച്ചു വീഴ്ത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കൊല്ലത്താണ് സംഭവം. പട്രോളിങ്ങിനിടെ എസ്എച്ച്ഓയെ ബൈക്ക് ഇടിച്ചു വീഴ്ത്തിയ കേസിലാണ് പത്തനാപുരം മഞ്ഞക്കാല പുത്തന്‍വിള വീട്ടില്‍ നന്ദു (24), ടിടി ഹൗസില്‍ ടിനു (22) എന്നിവർ അറസ്റ്റില്‍ ആയത്.

എഴുകോണ്‍ എസ്എച്ച്ഒ ശ്രീകുമാറിനെയാണ് വാഹന പരിശോധനയ്ക്കിടെ പ്രതികള്‍ ഇടിച്ചിട്ടത്. എഴുകോണ്‍ ചീരങ്കാവ് ബാറിനു സമീപമാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. മദ്യപിച്ച് ചില ആളുകള്‍ ബാറിന്റെ പരിസരത്ത് കിടക്കുന്നു എന്ന പരാതി അന്വേഷിക്കാന്‍ എത്തിയതായിരുന്നു ശ്രീകുമാര്‍. പിന്നാലെ ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ എസ്എച്ച്ഒയെ ഇടിച്ച് നിലത്തിടുകയായിരുന്നു.

വീഴ്ചയില്‍ അദ്ദേഹത്തിന് കാര്യമായി പരിക്ക് പറ്റിയിട്ടില്ല. തുടര്‍ന്ന് അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള മുന്‍ വൈരാഗ്യത്തിന്റെ പേരിലാണോ ഇവര്‍ എസ്എച്ച്ഒയെ ആക്രമിച്ചത് എന്നതില്‍ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ മനപ്പൂര്‍വമല്ല പൊലീസുകാരനെ ഇടിച്ചിട്ടതെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന വിശദീകരണം.

Exit mobile version