Site icon Malayalam News Live

കോലഞ്ചേരിയില്‍ നിന്നും കാണാതായ 15കാരിയെ വിജയവാഡയില്‍ കണ്ടെത്തി; ബീഹാര്‍ സ്വദേശിയായ 21കാരൻ അറസ്റ്റില്‍;

മൂവാറ്റുപുഴ: കോലഞ്ചേരിയില്‍ നിന്നും കാണാതായ പതിനഞ്ച് കാരിയെ വിജയവാഡയില്‍ കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി ചന്ദൻ കുമാർ (21) നെ പുത്തൻകുരിശ് പോലീസ് പിടികൂടി.

നാലാം തീയതിയാണ് ആസാം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായത്. തുടർന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ വിജയവാഡയില്‍ നിന്നുമാണ് യുവാവിനൊപ്പം കണ്ടെത്തിയത്.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പ്രലോഭിപ്പിച്ച്‌ യുവാവ് വിജയവാഡയിലെത്തിക്കുകയായിരുന്നു. പുലർച്ചെ എറണാകുളത്തേക്ക് ബസില്‍ പോവുകയും അവിടെ നിന്ന് പെണ്‍കുട്ടി തനിച്ച്‌ ട്രെയിനില്‍ യാത്ര ചെയ്ത് വിജയവാഡയില്‍ എത്തിച്ചേരുകയുമായിരുന്നു.

യാത്രയില്‍ പെണ്‍കുട്ടി സഹയാത്രക്കാരുടെ മൊബൈലിലാണ് യുവാവുമായി ബന്ധപ്പെട്ടിരുന്നത്. യുവാവിന്റെ നിർദ്ദേശപ്രകാരം ഫോണ്‍ വീട്ടില്‍വച്ചാണ് പെണ്‍കുട്ടി പോയത്.

പോലീസ് കണ്ടു പിടിക്കാതിരിക്കാനായിരുന്നു ഇത്. അവിടെയെത്തിയപ്പോള്‍ യുവാവിന്റെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്തു. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ഒളിവില്‍ പാർപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയത്.

Exit mobile version